ഇസ്ലാമാബാദ്: ഇമ്രാൻ ഖാനേയും ധീരനായ നവാസ് ഷെരീഫിനേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് പാക്കിസ്ഥാൻ മുസ്ലിംലീഗ് പാർട്ടി(PML-N) നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. ഇന്നലെ അറസ്റ്റിനോട് സഹകരിക്കാത്ത ഇമ്രാൻഖാന്റെ നടപടിയേയും അവർ പരിഹസിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് മറിയം നവാസ് ഇമ്രാൻ ഖാനെ പരിഹസിച്ച് രംഗത്തെത്തിയതെന്ന് ദി ന്യൂസ് ഇന്റർനാഷ്ണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇമ്രാൻഖാന്റെ ജയിൽ ബാരോ തെഹ് രീഖ് മൂവ്മെന്‌റ് ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ഒരു മൂവ്മെന്റായിരുന്നു. മോശം അവസ്ഥയിൽ ജയിലിൽ കിടന്ന് ധീരനായ വ്യക്തിയാണ് നവാസ് ഷെരീഫെന്നും ഇമ്രാൻ ഖാൻ ഒരിക്കലും ജയിലിൽ പോയിട്ടില്ലെന്നും അവർ പറഞ്ഞു. ഇമ്രാൻ ഖാന് കുറച്ച് ധൈര്യം കൊടുക്കൂവെന്ന് തന്റെ പിതാവിനോട് പറയുന്നതായാണ് മറിയം നവാസിന്റെ ട്വീറ്റ്. സിംഹം നിഷ്കളങ്കനാണെങ്കിലും ലണ്ടനിൽ നിന്നും മകളുടെ കൈ പിടിച്ച് പാക്കിസ്ഥാനിലേക്ക് വരുമ്പോൾ അറസ്റ്റ് ചെയ്യണം. ഭീരുവേ, നിങ്ങൾ പുറത്ത് പോവൂ. ഒരു നേതാവും വെട്ടിപ്പുകാരനും തമ്മിലുള്ള ബന്ധം രാജ്യത്തിനറിയാമെന്നും മറിയം നവാസ് പറഞ്ഞു. രൂക്ഷമായ പരിഹാസമാണ് ഇമ്രാൻഖാനെതിരെ മറിസം നവാസ് നടത്തിയിട്ടുള്ളത്.
മുൻ പ്രധാനമന്ത്രിയായ ഇമ്രാൻഖാനെ അറസ്റ്റ് ചെയ്യാൻ ഇന്നലെ പൊലീസ് വസതിയിലെത്തിയിരുന്നു. എന്നാൽ പാകിസ്ഥാനിലെ സാഹചര്യം സംഘർഷഭരിതമാവുകയായിരുന്നു. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി നേതാവായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കമുണ്ടായത്. ഇമ്രാൻ ഖാന്‍റെ വസതിയിൽ അറസ്റ്റ് വാറന്‍റുമായി ഇസ്‌ലാമാബാദ് പൊലീസാണ് എത്തിയത്. ഇതോടെ പ്രവർത്തകരുടെ വലിയ നിരയാണ് ഇമ്രാന്‍റെ വസതിയിലേക്ക് ഒഴുകിയത്. അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നറിഞ്ഞതോടെ പ്രതിഷേധക്കാർ അക്രമാസക്തരാവുകയായിരുന്നു. തോഷഖാന കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിട്ടും തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതോടെയാണ് ഇമ്രാനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
അറസ്റ്റുചെയ്യാൻ വാറണ്ടുമായി പൊലീസ് സംഘം ലാഹോർ സമാൻ പാർക്കിലെ വസതിയിലാണ് എത്തിയത്. പൊലീസ് സംഘത്തിന് നേരെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകരുടെ കയ്യേറ്റ ശ്രമമുണ്ടായി. ഇമ്രാനെ വീട്ടിൽ കണ്ടെത്താനായില്ല എന്ന് പ്രഖ്യാപിച്ച് പൊലീസിന് മടങ്ങേണ്ടി വന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ പ്രധാനമന്ത്രി ഷഹബാസ് ശരീഫിനെയും മുൻ ജനറൽ ബാജ്‌വയെയും വിമർശിച്ചുകൊണ്ട് ട്വീറ്റ് ഇട്ട ഇമ്രാൻ ഖാൻ, വീടിനു മുന്നിൽ വെച്ചുതന്നെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു. തന്നെ സംരക്ഷിക്കേണ്ടവരിൽ നിന്ന് തന്നെ തന്റെ ജീവന് ഭീഷണിയുണ്ട് എന്ന ആക്ഷേപവും ഇമ്രാൻ ആവർത്തിച്ചിരുന്നു.