ഇടുക്കി: ഇടുക്കിയില്‍ ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാട്ടെത്തിച്ച് കൂട്ടിലടക്കാനാണ് നീക്കം. മാര്‍ച്ച് 15ന് മുമ്പ് ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ.
കോടനാട് നിലിവില്‍ ഒരു കൂടുണ്ടെങ്കിലും അതിന് ബലക്ഷയമുണ്ടെന്ന് കണ്ടതോടെയാണ് പുതിയത് നിര്‍മ്മിക്കാന‍് തീരുമാനിച്ചത്. ഇതാണ് ആനയെ പിടികൂടാനുളള ദൗത്യം അല്‍പം വൈകിക്കുന്നതും. വയനാട്ടില്‍ നിന്നെത്തിയ സംഘമാണ് കൂട് പണിയാനുള്ള യൂക്കാലി മരങ്ങള്‍ കണ്ടെത്തി മുറിക്കാന‍് നിര്‍ദ്ദേശം നല്‍കിയത്.
മുറിച്ച മരങ്ങള്‍ കോടനാട്ടെത്തിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളിൽ കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. മാര്‍ച്ച് പത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ പ്രതീക്ഷ അതിനുശേഷമാകും ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നതിനായി ഇടുക്കിയിലെത്തുക. അരികോമ്പനെ പിടികൂടുകയെന്ന ദൗത്യം മാര്‍ച്ച് 15നുള്ളില്‍ തീര്‍ക്കാനാണ് ഇവരുടെയെല്ലാം ശ്രമം.
ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്‍റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ കഴിഞ്ഞ മാസമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി കൂട്ടിൽ അയക്കുകയോ ഉൾക്കട്ടിൽ തുറന്ന് വിടുകയോ ജി എസ് എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരിക്കുന്നത്.