ലഖ്‌നോ: 2024ലെ പൊതു തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അമേഠിയിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് സൂചന നൽകി അഖിലേഷ് യാദവ്. അമേഠിയിലെ സ്ത്രീകളുടെ ദുരവസ്ഥയിൽ താൻ അതീവ ദുഃഖിതനാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശ് മുൻ മന്ത്രി ഗായത്രി പ്രസാദ് പ്രജാപതിയുടെ മകളുടെ വിവാഹത്തിനായി ഞായറാഴ്ച അമേഠിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
“അമേഠിയിലെ പാവപ്പെട്ട സ്ത്രീകളുടെ ദുരവസ്ഥ കണ്ട് ഞാൻ വളരെ ദുഃഖിതനാണ്. വി.ഐ.പികൾ എപ്പോഴും ഇവിടെ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നു. എന്നിട്ടും ഇവിടുത്തെ സ്ഥിതി ഇതാണെങ്കിൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെക്കുറിച്ച് എന്താണ് പറയേണ്ടത്”- അഖിലേഷ് ട്വീറ്റ് ചെയ്തു. അടുത്ത തവണ വലിയ ആളുകളെയല്ല, വിശാല ഹൃദയരെ ആയിരിക്കും അമേഠിയിൽ നിന്ന് തിരഞ്ഞെടുക്കുകയെന്നും ജില്ലയിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയാണ് അമേഠി പാർലമെന്റ് സീറ്റ് നിലവിൽ പ്രതിനിധീകരിക്കുന്നത്. സ്മൃതി ഇറാനിയെ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തണമെന്ന് അഖിലേഷ് മണ്ഡലത്തിലെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ‘സിലിണ്ടർ വാലി’ ഇവിടെ നിന്നുള്ള എം.പിയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും അവരെ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.