ന്യൂഡൽഹി: ഗർഭപാത്രത്തിൽ വെച്ച് തന്നെ കുഞ്ഞുങ്ങളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കണമെന്ന് ആർ.എസ്.എസ് വനിതാ സംഘടനയായ സംവർഥിനീ ന്യാസ്. ഇതിനായി ‘ഗർഭ സൻസ്കാർ’ എന്ന കാമ്പയിന് തുടക്കം കുറിച്ചെന്ന് സംവർഥിനീ ന്യാസ് ദേശിയ ഓർഗനൈസിങ് സെക്രട്ടറി മാധുരി മാറത്തെ പറഞ്ഞു. ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് കാമ്പയിൻ എന്ന് മാധുരി വ്യക്തമാക്കി.
ഗർഭസ്ഥശിശുവിന് സാംസ്‌കാരിക മൂല്യങ്ങൾ പകർന്നുനൽകുന്നതിന് ഗർഭാവസ്ഥയിലുള്ളവർക്കായി ഗീത, രാമായണം, യോഗാഭ്യാസം എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ന്യാസ്. ഗർഭസ്ഥ ശിശുക്കൾ മുതൽ രണ്ടുവയസ്സുള്ള കുട്ടികൾക്ക് വരെയാണ് ഈ പരിപാടി ഒരുക്കുന്നത്. രാമായണത്തിലെയും ഗീതയിലേയും ശ്ലോകങ്ങൾ ചൊല്ലുന്നതിനാകും ഊന്നൽ നൽകുക. ഗർഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് 500 വാക്കുകൾ വരെ പഠിക്കാൻ സാധിക്കും -മാധുരി പറഞ്ഞു.
കാമ്പയിനിൽ കുറഞ്ഞത് 1000 സ്ത്രീകളെയെങ്കിലും എത്തിക്കാനാണ് ന്യാസ് പദ്ധതിയിടുന്നത്. കാമ്പയിനിന്റെ ഭാഗമായി ജെ.എൻ.യുവിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഡൽഹി എയിംസിൽ നിന്നുൾപ്പെടെയുള്ള ഡോക്ടർമാർ പങ്കെടുത്തു.