ന്യൂഡൽഹി> ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിച്ചത് 8000 ത്തിലധികം അംഗങ്ങൾ മാത്രം. കഴിഞ്ഞ ശനിയാഴ്‌ച്ച വരെ 8000ത്തിലധികം അംഗങ്ങൾ ഉയർന്ന പെൻഷനുള്ള ഓപ്‌ഷൻ നൽകിയെന്ന് ഇപിഎഫ്‌ഒ അറിയിച്ചു. അതേസമയം, ഉയർന്ന പെൻഷനുള്ള ഓപ്‌ഷൻ നൽകാൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ട രേഖകളിൽ ചിലത് കൈവശമില്ലാത്തത് അപേക്ഷകർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതി ശക്തമായി.
‘ഇപിഎഫ് ആക്‌റ്റ് 26.6 ഖണ്ഡിക പ്രകാരം അപേക്ഷകർ നേരത്തെ ജോയിന്റ് ഓപ്‌ഷൻ നൽകിയതിന്റെ രേഖയുടെ പകർപ്പ് അപ്‌ലോഡ് ചെയ്യണം. മിക്ക അപേക്ഷകരുടെയും പക്കൽ ഈ രേഖയില്ല. അതുംകൂടി നൽകിയാൽ മാത്രമേ ഉയർന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കൽ പൂർത്തിയാകുകയുള്ളു’– കർണാടക എംപ്ലോയേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബി സി പ്രഭാകർ പ്രതികരിച്ചു.
ഇപിഎഫ് ആക്‌റ്റ് 26.6 ഖണ്ഡിക പ്രകാരം ജീവനക്കാരനും തൊഴിലുടമയും ജോയിന്റ് ഓപ്‌ഷൻ നൽകി അത് പിഎഫ് അസി. കമീഷണർ അംഗീകരിക്കണം. ഈ ജോയിന്റ് ഓപ്‌ഷന്റെ പകർപ്പാണ് അംഗങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടത്. ഇപിഎഫ് ആക്‌റ്റ് 26.6 ഖണ്ഡിക പ്രകാരം ജോയിന്റ് ഓപ്‌ഷൻ നൽകിയതിന്റെ തൊഴിലുടമ സ്ഥിരീകരിച്ച രേഖ, ഭേദഗതിക്ക് മുമ്പുള്ള 11.3 ഖണ്ഡികയിലെ വ്യവസ്ഥ പ്രകാരം ജോയിന്റ് ഓപ്‌ഷൻ നൽകിയതിന്റെ ജീവനക്കാരൻ സ്ഥിരീകരിച്ച രേഖ, 5000, 6500 വേതനപരിധിക്ക് മുകളിൽ പിഎഫിലേക്ക് വിഹിതം അടച്ചതിന്റെ രേഖ, ഇതേ വേതനപരിധിക്ക് മുകളിൽ പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന വിഹിതം അടച്ചതിന്റെ രേഖ, ഉയർന്ന വിഹിതം അടയ്‌ക്കാനുള്ള അപേക്ഷ പ്രൊവിഡന്റ് ഫണ്ട് അധികൃതർ തള്ളിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖ– തുടങ്ങിവ അപ്‌ലോഡ് ചെയ്‌താണ് ഉയർന്ന ഓപ്‌ഷൻ നൽകേണ്ടത്.
അത്യാവശ്യകാര്യങ്ങൾക്ക് പിഎഫിൽ നിന്നും പണം പിൻവലിച്ച സർവ്വീസിലുള്ള ജീവനക്കാർ പെൻഷൻ ഫണ്ടിലേക്ക് അധികതുക അടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളും നിലനിൽക്കുന്നുണ്ട്.