ഗുവാഹത്തി: 89 പാലങ്ങൾ പൊളിക്കാനുള്ള തീരുമാനവുമായി ആസാം സർക്കാർ. വെള്ളക്കെട്ട് പരിഹരിക്കാനായി ഒരു നദിക്ക് കുറുകെയുള്ള പാലങ്ങളാണ് പൊളിച്ചുമാറ്റാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നഗരത്തിലെ എട്ടുകിലോമീറ്ററിനുള്ളിലാണ് നിലവിൽ പാലങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിനിടെ, പാലങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് രംഗത്തെത്തി.
നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് കൊണ്ടാണ് പാലം പൊളിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. പാലം പൊളിക്കുന്ന സമയത്ത് നടത്തുന്ന തടസ്സങ്ങൾക്കെതിരെ നിയമപരമായി കേസെടുക്കുമെന്ന് ജില്ലാ മാനേജ്മെന്റ് അതോറിറ്റി ചെയർമാൻ പല്ലവ് ഗോപാൽ പറഞ്ഞു. പാലങ്ങൾ പൊളിച്ചുമാറ്റിയില്ലെങ്കിൽ ബഹിനി നദിക്കരയിലെ മണ്ണ് നീക്കം ചെയ്യൽ ഫലപ്രദമാകില്ലെന്നും ഇത് പ്രദേശവാസികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പല്ലവ് ഗോപാൽ പറയുന്നു.
അതേസമയം, പാലങ്ങൾ പൊളിക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ഭരണ കൂടത്തിന്റെ തീരുമാനം മനുഷ്യത്വരഹിതമാണെന്നും ശാസ്ത്രീയമായ അടിസ്‌ഥാനത്തിലാണ് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടതെന്നും കോൺഗ്രസ് പറഞ്ഞു. വളരെ പ്രധാനപ്പെട്ട, ജനങ്ങൾക്ക് ഉപകാരപ്രദമായുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലങ്ങളെന്ന് കോൺഗ്രസ് ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ബാങ്ക്, നബാർഡ് ഓഫീസ്, നോർത്ത് ഈസ്റ്റേൺ ഡെവലപ്പ്മെന്റ് ഫിനാൻസ് ഡവലപ്പ്മെന്റ് ഓഫീസ്, നിരവധി ആശുപത്രികൾ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങൾ പൊളിച്ചുമാറ്റുന്ന നടപടി ക്രൂരമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
2008ൽ ഗുവാഹത്തിയിലെ ബഹിനി, ബാരലു നദികൾക്ക് മുകളിലൂടെയുള്ള 80 പാലങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. അതിനു ശേഷമാണ് ആവശ്യങ്ങൾ പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദത്തോടെ പുതിയ പാലങ്ങൾ നിർമ്മിച്ചതെന്നുമാണ് കോൺഗ്രസ് ഉയർത്തുന്ന വാദങ്ങൾ. എന്നാൽ ഇതിനെതിരെ തിരിയുന്നവർക്കെതിരെ നടപടി എടുക്കുമെന്ന നിലപാടിലാണ് സർക്കാർ.