റിയാദ്: കേരളത്തിലെ റിസോർട്ട് ഉടമയെ അടിച്ചുകൊന്ന് ഗൾഫിലേക്ക് കടന്ന പ്രതി 17 വർഷത്തിന് ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ. വയനാട് വൈത്തിരി ജങ്കിൾ പാർക്ക് റിസോർട്ട് ഉടമ ചേവായൂർ വൃന്ദാവൻ കോളനിയിലെ അബ്ദുൽ കരീം വധക്കേസ് പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയെയാണ് ഖത്തർ-സൗദി അതിർത്തിയായ സൽവയിൽ നിന്ന് പൊലീസ് പിടികൂടിയത്. നാല് മാസം മുമ്പ് അറസ്റ്റിലായി സൗദി ജയിലിൽ കഴിയുന്ന ഇയാളെ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാൻ കേരള പൊലീസ് റിയാദിലെത്തി.സൗദി അധികൃതരുമായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായെന്നും റിയാദ് മലസിലെ ഡിപ്പോർട്ടേഷൻ (തർഹീൽ) സെൻററിൽ കഴിയുന്ന പ്രതിയുമായി ശനിയാഴ്ച വൈകീട്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കുമെന്നും എസ്.പി കെ.കെ. മൊയ്തീൻകുട്ടി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 7.15 ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തും.
2006 ൽ നടന്ന കൊലപാതകത്തിന് ശേഷം പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു. ഖത്തറിൽ ഒളിച്ചു കഴിയുകയായിരുന്നു എന്നാണ് വിവരം. പ്രതിക്കായി ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഉംറ നിർവഹിക്കാനോ മറ്റോ റോഡ് മാർഗം സൗദിയിലേക്ക് കടക്കാനെത്തിയ ഇയാളെ സൽവ അതിർത്തി പോസ്റ്റിൽവെച്ച് സൗദി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൽവയിലെ ജയിലിൽ അടയ്ക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം മുഖാന്തിരം കേരള പൊലീസിനെ അറിയിച്ചു.
വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കാനെടുത്ത കാലതാമസത്തിന് ശേഷം പ്രതിയെ തിരിച്ചെത്തിക്കാനായി സൗദിയിലേക്ക് വരാൻ മൂന്നംഗ ക്രൈബാഞ്ച് സംഘത്തെ ഡി.ജി.പി അനിൽകാന്ത് നിയോഗിച്ചു. കേന്ദ്ര സർക്കാറിന്‍റെ അനുമതി കിട്ടിയതോടെ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീൻകുട്ടി, ഇൻസ്പെക്ടർ ടി. ബിനുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത് പ്രഭാകർ എന്നിവരടങ്ങുന്ന സംഘം ഈ മാസം അഞ്ചിന് റിയാദിലെത്തി.
ദീർഘകാലം വിദേശത്ത് ഒളിച്ചുകഴിഞ്ഞ പ്രതി ഒരുതവണ നേപ്പാൾ വഴി നാട്ടിൽ എത്തുകയും പിന്നീട് തിരിച്ചു പോവുകയും ചെയ്തെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഏതാനും വർഷം മുമ്പ് ഇൻർപോളിന്‍റേയടക്കം സഹായത്തോടെ ഗൾഫിൽ അന്വേഷണം ശക്തമാക്കിയത്. ഇടയ്ക്ക് നാട്ടിലെത്തിയപ്പോൾ ഇയാൾ കഞ്ചാവ് കേസിലും പ്രതിയായിരുന്നു. ആ കേസിലും പിടികിട്ടാപ്പുള്ളിയാണ്.
2006ൽ താമരശ്ശേരി ചുരത്തിലൂടെ ജീപ്പിൽ യാത്രചെയ്യവെ ക്വട്ടേഷൻ സംഘം തടഞ്ഞുനിർത്തി അബ്ദുൽ കരീമിനെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നൂറാംതോട് ഭാഗത്ത് മൃതദേഹം ഉപേക്ഷിച്ചു. കരീമിന്റെ റിസോർട്ടിന്‍റെ നടത്തിപ്പ് ഏറ്റെടുത്ത തിരുവനന്തപുരം സ്വദേശി ബാബു വർഗീസായിരുന്നു ക്വട്ടേഷൻ നൽകിയത്.
ബിസിനസിലെ തർക്കത്തെ തുടർന്ന് ഗുണ്ടകളുമായെത്തി ബാബു വർഗീസ് കരീമിനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പൊലീസ് കേസാവുകയും ബാബു വർഗീസ് റിമാൻഡിലാവുകയും ചെയ്തു. ഈ വിരോധത്തിലായിരുന്നു ക്വട്ടേഷൻ നൽകിയത്. കേസിലെ 11 പ്രതികളിൽ ഒരാൾ മരണപ്പെട്ടു. രണ്ടു പേരെ വെറുതെ വിടുകയും ഏഴു പേരെ ശിക്ഷിക്കുകയും ചെയ്തു. അവശേഷിച്ച പ്രതിയാണിപ്പോൾ പിടിയിലായത്.