മുൻ ഭർത്താവിന്റെ കൂടെ ഒളിച്ചോടാൻ വേണ്ടി സ്വന്തം വീട് കൊള്ളയടിച്ച യുവതി അറസ്റ്റിലായി. കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നത് എങ്കിലും വീട് കൊള്ളയടിച്ചത് വീട്ടിലെ അതേ യുവതിയാണ് എന്ന് അടുത്തിടെയാണ് പൊലീസ് കണ്ടെത്തുന്നത്.
സംഭവം ഇങ്ങനെ, മുംബൈയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനായ എസ്റ്റേറ്റ് മാനേജരാണ് ജ്യോതിറാം ഷെഡ്‌ഗെ. ഷെഡ്ഗെയും ഭാര്യ പായൽ ഷെഡ്ജും മലാഡിലായിരുന്നു താമസം. കഴിഞ്ഞ വർഷം ഇരുവരും കൂടി സാംഗ്ലിയിലുള്ള ബന്ധുവീട് സന്ദർശിക്കാൻ പോയി. എന്നാൽ, തിരികെ എത്തിയപ്പോഴേക്കും വീടിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചിരിക്കുന്നതായും ആഭരണങ്ങളടക്കം മോഷണം പോയതായും ശ്രദ്ധയിൽ പെട്ടു.
ഉള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും അടക്കം എട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരുന്നത്. പിന്നാലെ, ജ്യോതിറാം ഷെഡ്‌ഗെ മലാഡ് ഈസ്റ്റിലെ കുരാർ പൊലീസ് സ്‌റ്റേഷനെ സമീപിച്ചു. അജ്ഞാതനായ മോഷ്ടാവിനെതിരെ പരാതിയും നൽകി. സംഭവം നടന്നത് കഴിഞ്ഞ വർഷം ആണെങ്കിലും ഇപ്പോഴാണ് ഫോറൻസിക് ലാബിൽ നിന്നും വിശദമായ റിപ്പോർട്ട് വരുന്നത്. അതിൽ പുറത്ത് നിന്നുള്ള ആരുടെയും വിരലടയാളം അവിടെ പതിഞ്ഞിട്ടില്ല എന്ന് മനസിലായി. അവിടെയുണ്ടായിരുന്ന വിരലടയാളം പായലിന്റേത് മാത്രമായിരുന്നു. അതുപോലെ തന്നെ വീടിന്റെ വാതിൽ തകർത്തിരിക്കുന്നത് അകത്ത് നിന്നുമായിരുന്നു.
പായലിനെ പൊലീസ് ചോദ്യം ചെയ്തു. നിരന്തരമായ ചോദ്യം ചെയ്യലിൽ പായൽ സത്യം തുറന്ന് പറഞ്ഞു. തന്റെ മുൻ ഭർത്താവിനൊപ്പം പോകാനാണ് താൻ ഭർത്താവിനെ കൊള്ളയടിച്ചത് എന്നായിരുന്നു പായൽ പറഞ്ഞത്. ഇരുവരും സാംഗ്ലിയിൽ പോകുന്നതിന് തൊട്ടുമുമ്പായി ഷെഡ്‌ഗെ കാർ സർവീസ് ചെയ്യാൻ പോയിരുന്നു. ആ സമയത്താണ് പായൽ മോഷണം നടത്തി ആഭരണങ്ങളും പണവും മുൻഭർത്താവിനെ ഏൽപ്പിച്ചത്. പിന്നീട് കൊള്ളയടിച്ചത് പോലെ തോന്നാൻ വേണ്ടി വാതിലും മറ്റും തകർക്കുകയും ചെയ്തു. വാഹനം സർവീസ് ചെയ്ത് വന്ന ഷെഡ്ഗെയെ സാംഗ്ലിയിൽ പോകുന്നത് വരെ വീട്ടിൽ കയറാനും പായൽ സമ്മതിച്ചിരുന്നില്ല. പായലിന്‍റെ മുന്‍ഭര്‍ത്താവിന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.