കുവൈത്ത് സിറ്റി: പ്ലാസ്റ്റിക് സര്‍ജന്മാരെന്ന വ്യാജേന ചികിത്സയും ശസ്‍ത്രക്രിയകളും നടത്തിയിരുന്ന രണ്ട് പ്രവാസികള്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഒരാള്‍ക്ക് മൂന്ന് വര്‍ഷവും മറ്റൊരാള്‍ക്ക് നാല് വര്‍ഷവും കഠിന തടവാണ് കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ചത്. ഫില്ലേഴ്‍സ്, ബോട്ടോക്സ് തുടങ്ങിയ സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍ മുതല്‍ പ്ലാസ്റ്റിക് സര്‍ജറി വരെ ഇവര്‍ നടത്തിയിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഹവല്ലിയിലെ ഒരു പ്രമുഖ മെഡിക്കല്‍ സെന്ററില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഇവരെ ചികിത്സ നടത്തുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു. പ്ലാസ്റ്റിക് സര്‍ജന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പുരുഷന്മാര്‍ക്കും സ്‍ത്രീകള്‍ക്കും ഇവര്‍ നിയമവിരുദ്ധമായി സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തിയിരുന്നുവെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ രണ്ട് പേരും ഡോക്ടര്‍മാര്‍ ആയിരുന്നില്ലെന്നതാണ് വസ്‍തുത.
പ്രതികളിലൊരാള്‍ അഡ്‍മിനിസ്‍ട്രേറ്റീവ് രംഗത്ത് ജോലി ചെയ്‍തിരുന്നയാളും രണ്ടാമത്തെയാള്‍ നഴ്‍സുമായിരുന്നു. നിയമവിരുദ്ധമായി ചികിത്സ നടത്താന്‍ ഒരു വലിയ ബ്യൂട്ടി ക്ലിനിക്ക് തന്നെ വാടകയ്ക്ക് എടുത്തായിരുന്നു പ്രവര്‍ത്തനം. അറസ്റ്റ് ചെയ്‍ത ഇരുവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറിയിരുന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തി. വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്.