നടിയും അവതാരകയും മിമിക്സ് താരവുമായ സുബി സുരേഷ് അടുത്തിടെയാണ് അന്തരിച്ചത്. 41 വയസ് മാത്രമായിരുന്നു പ്രായം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം. സുബി സുരേഷിന്റെ ചികിത്സ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹായിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ് സഹോദരൻ എബി സുരേഷ് വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
എല്ലാവരോടും നന്ദി പറയാനാണ് ഞാൻ വീഡിയോയില്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞാണ് എബി സുരേഷ് സംസാരിച്ച് തുടങ്ങിയത്. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ്. ചേച്ചിയെ ചികിത്സിച്ച ഡോക്ടര്‍മാരോടും അതുപോലെ ഭൂമിയിലെ മാലാഖമാര്‍ എന്ന് പറയുന്ന നേഴ്‍സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയില്‍ തന്നെ അവര്‍ പരിചരിച്ചു.
കരള്‍മാറ്റ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി ഞങ്ങള്‍ കഷ്‍ടപ്പെട്ടപ്പോള്‍ അതിന്റെ പേപ്പര്‍ വര്‍ക്കും കാര്യങ്ങളുമൊക്കെ വളരെയധികം ഞങ്ങളെ സഹായിച്ച സര്‍ക്കാര്‍ അധികൃതര്‍ക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡൻ സാറിനും എല്‍ദോസ് കുന്നപ്പള്ളി സാറിനും ടിനി ചേട്ടനോടും ധര്‍മ്മജൻ ചേട്ടനോടും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങള്‍ നന്ദി പറയുകയാണ്. വളരെയധികം എല്ലാവരും കഷ്‍ടപ്പെട്ടു. എന്റെ ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് എഫ്‍ബി പേജും യൂട്യൂബ് ചാനലും. ആശുപത്രിയിലായിരുന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു, കുറച്ച് വീഡിയോകള്‍ ഞാൻ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം തന്നെ ഇടണം. ആശുപത്രിയില്‍ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകള്‍ അപ്‍ലോഡ് ചെയ്യണം എന്ന് എന്റെയടുത്ത് പറയുമായിരുന്നു.
വീഡിയോകള്‍ നീ അപ്‍ലോഡ് ചെയ്‍തോ, ഞാൻ കുറച്ച് വ്ളോഗ് എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഇടയ്‍ക്കിടെ പറയും. ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങള്‍ കളയാൻ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ അപ്‍ലോഡ് ചെയ്യാൻ പോകുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും വേണം. കൂടെ നിന്നതിന് നന്ദിയെന്നും പറഞ്ഞാണ് വീഡിയോ എബി സുരേഷ് അവസാനിപ്പിക്കുന്നത്.