ന്യൂഡൽഹി: ഡൽഹി സർക്കാറിന്‍റെ മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് ദിവസത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ച് തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റു ചെയ്തു. വ്യാഴാഴ്ച തിഹാർ ജയിലിൽ എത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇ.ഡിയും സിസോദിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സി.ബി.ഐ അറസറ്റു ചെയ്ത കേസിൽ നാളെ കോടതി ജാമ്യ ഹരജി പരിഗണിക്കാനിരിക്കെയാണ് തലേ ദിവിസം ഇ.ഡിയുടെ നടപടി. ചൊവ്വാഴ്ച സിസോദിയയെ ഇ.ഡി മണിക്കൂറുകൾ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ രണ്ടാം തവണയും ജയിലിൽ എത്തി ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലേക്ക് കടന്നത്.
കേസിൽ ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തിഹാർ ജയിലിലുള്ള സിസോദിയയുടെ ജീവന് ഭീഷണിയുണ്ടെന്ന് ആം ആദ്‌മി പാര്‍ട്ടി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒന്നാം നമ്പർ ജയിലിൽ സിസോദിയക്ക് ഒപ്പമുള്ളത് രാജ്യത്തെ കൊടും കുറ്റവാളികളാണെന്നും അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ഗൂഢനീക്കമാണിതിനുപിന്നിലെന്നും പാർട്ടി ആരോപിച്ചു.