കൊച്ചി> എട്ട് ദിവസം. 23 ഫയർ ടെൻഡറുകൾ. പത്ത് ഹൈ പ്രഷർ പമ്പുകൾ. ഇരുനൂറിലധികം അഗ്‌നിരക്ഷാ സേനാംഗങ്ങൾ. മാലിന്യങ്ങളിൽ നിന്ന് ഉയരുന്ന പുക വകവയ്‌ക്കാതെ എല്ലാവരും ഒന്നിച്ചു പോരാടുകയാണ് ബ്രഹ്‌മപുരത്ത്. അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്‌ക്കുന്നതിന് രാപ്പകലില്ലാതെ നടക്കുന്നത്.
കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുകയണയ്‌ക്കുന്നതിനായുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. രണ്ട് ഷിഫ്‌റ്ററുകളിലായി 24 മണിക്കൂർ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴ് വരെയും വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയുമാണ് ഷിഫ്‌റ്റുകൾ.
110 ഏക്കറിൽ 70 ഏക്കറിലെ മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. മുപ്പത് അടിയോളം ഉയരമുള്ള നിരവധി മാലിന്യമലകളാണ് ഇവിടെയുള്ളത്. തീ പിടുത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്‌റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. എഴുപതു ശതമാനം പ്രദേശത്ത് പുക വമിക്കുന്നത് പൂർണ്ണമായും നിയന്ത്രിച്ചു. ബാക്കി 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്.
പുകയണയ്‌ക്കാൻ പ്ലാസ്‌റ്റിക് കൂമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. പത്ത് ഹൈ പ്രഷർ പമ്പുകളുടെ സഹായത്തോടെയാണ് കടമ്പ്രയാറിൽ നിന്ന് വെള്ളം അടിക്കുന്നത്. പ്ലാസ്‌റ്റിക് മാലിന്യത്തിൽ എസ്‌കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്‌ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്‌താണ് പുക പൂർണ്ണമായും അണയ്‌ക്കുന്നത്. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്.
ചില സ്ഥലങ്ങളിൽ പ്ലാസ്‌റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്‌ക്കുന്നതിന് തടസമാകുന്നുണ്ടെന്ന് റീജ്യണൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്‌ക്കാനുള്ളത്. രണ്ട് മുതലാണ് അഗ്‌നിരക്ഷാസേന ബ്രഹ്‌മപുരത്ത് തീ അണയ്‌ക്കാണുനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പ്ലാസ്‌റ്റിക് മാലിന്യം തട്ടുതട്ടായി കിടക്കുന്നതിനാൽ വെള്ളം താഴേയ്‌ക്ക് ഇറങ്ങാതെ മുകളിൽനിന്ന് ഒലിച്ചുപോകുന്നതാണ് അഗ്നിശമനസേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ പറഞ്ഞു.
വെള്ളം ചെല്ലാത്തതിനാൽ താഴെയുള്ള മാലിന്യത്തിലെ തീ അണയാതെ നിൽക്കും. കാറ്റുവരുമ്പോൾ ആളിപ്പടരും. മാസ്‌ക് ഉണ്ടെങ്കിലും പുകയ്‌ക്കിടയിൽ തുടർച്ചയായി ജോലിചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ പലർക്കുമുണ്ട്. അതിനെ അവഗണിച്ചാണ് സേനാംഗങ്ങളുടെ അധ്വാനമെന്നും അദ്ദേഹം പറഞ്ഞു.