കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുൻ നേതാക്കൾ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും ഇക്കാര്യത്തിൽ സംഘടനക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം പ്രഖ്യാപിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചർച്ചകൾ പ്രവർത്തകരിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണെന്നും മേലിൽ ആവർത്തിക്കുന്ന പക്ഷം ശക്തമായ അച്ചടക്ക നടപടികൾക്കു വിധേയമായിരിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.
വഖഫ് വിഷയത്തിന് ശേഷം ലീഗും സമസ്തയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സമസ്ത ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണവും ഉണ്ടായിരുന്നു. തുടർന്നാണ് സമസ്തയുടെ പണ്ഡിത സഭയായ മുശാവറ ഇന്ന് അടിയന്തര യോഗം ചേർന്നത്. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷനായ യോഗത്തിൽ 26 പേർ പങ്കെടുത്തിരുന്നു.