ബ്രസീലിയ : കൽക്കരി ഉപയോഗം നീട്ടികൊണ്ടുള്ള നിയമം പാസാക്കി ബ്രസീൽ. ബ്രസീൽ പ്രസിഡന്റ ജൈർ ബൊൽസൊനാരോയാണ് 18 വർഷത്തേക്ക് കൂടി കൽക്കരി ഉപയോഗത്തിന് അനുമതി നൽകികൊണ്ടുള്ള നിയമം പാസാക്കിയത്. മുമ്പ് കൽക്കരി പ്ലാന്റുകൾക്കുള്ള സബ്സിഡി 2027 ഓടെ നിർത്തലാക്കാനും മൂന്ന് പുതിയ പ്ലാന്റുകൾക്കുള്ള അനുമതി നിഷേധിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ നിയമഭേദഗതി പ്രകാരം 2040 വരെ എങ്കിലും രാജ്യത്ത് കൽക്കരി ഉപയോഗമുണ്ടാകും. ഏറ്റവുമധികം കാർബൺ തീവ്രതയുള്ള ഫോസിൽ ഇന്ധനമാണ് കൽക്കരി. എന്നാൽ താരതമ്യേന ചെലവ് കുറവായതിനാൽ ഇവയ്ക്ക് പ്രിയമേറുന്നു. അതേ സമയം പുനരുപയോഗ ഊർജവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് ചെലവേറെയാണ്.
കാലാവസ്ഥാ ഉച്ചകോടിയിൽ തങ്ങളുടെ നിലപാടിന് വിരുദ്ധമായിട്ടാണ് ബ്രസീൽ പ്രവർത്തിക്കുന്നതെന്ന് വിമർശകർ ആരോപിച്ചു. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിലേക്ക് ചുരുക്കി കൊണ്ടു വരണമെങ്കിൽ കൽക്കരി ഉപയോഗം 2050 ഓടെ പൂർണമായി നിർത്തലാക്കണമെന്ന് ശാസ്ത്രഞ്ജർ പറയുന്നു. ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ബ്രസീൽ തങ്ങളുടെ ബഹിർഗമനം 2030 ഓടെ പകുതിയാക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. കൽക്കരി ഉപഭോഗത്തിൽ ബ്രസീൽ ലോകത്ത് 25-ാം സ്ഥാനത്താണ്. ഇത് ആകെ ഉപയോഗത്തിന്റെ 2.4 ശതമാനം വരും. ലോകത്ത് ഏറ്റവുമധികം കൽക്കരി ഉപയോഗിക്കുന്ന രാജ്യം ചൈനയാണ്. ഇന്ത്യയും അമേരിക്കയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.