ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത് ഇപ്പോൾ തിഹാർ ജയിലിൽ കഴിയുന്ന എ.എ.പി മുതിർന്ന നേതാവ് മനീഷ് സിസോദിയക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സുകേഷ് ചന്ദ്രശേഖർ. സിസോദിയ ജയിലിൽ കഴിയുന്നത് വലിയ ആഡംബരങ്ങളുടെ നടുവിലാണെന്നാണ് സുകേഷ് ഡൽഹി ലഫ്. ഗവർണർ എൽ.ജി സക്സേനക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നത്.
സിസോദിയയെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിലെ ഒമ്പതാം നമ്പർ മുറി വി.വി.വി.ഐ.പി വാർഡ് ആണ്.പ്രത്യേക ഗേറ്റുള്ള ഏതാണ്ട് 20,000 ചതുരശ്ര അടി വരുന്ന വാർഡ് വി.ഐ.പി തടവുകാരെ പാർപ്പിക്കാനുള്ളതാണ്. വാർഡിൽ അഞ്ചു സെല്ലുകളാണുള്ളത്. മരത്തടി പാകിയ തറയാണ് ഈ മുറികൾക്ക്.
അതോടൊപ്പം ഉലാത്താൻ വലിയൊരു ഉദ്യാനവും ബാഡ്മിന്റൺ കോർട്ടുമടക്കം മറ്റെല്ലാ സൗകര്യങ്ങളുമുണ്ട്. വിശാലമായി ഭക്ഷണം കഴിക്കാൻ ഡൈനിങ് ഏരിയയുമുണ്ട്. എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ അന്വേഷണം നടത്തി ജയിൽ അധികൃതർക്കെതിനെ നടപടി വേണമെന്നും കത്തിൽ സുകേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ ജയിൽ അധികൃതർ മർദ്ദിക്കുന്നതായും സുകേഷ് പറയുന്നുണ്ട്.
നിക്ഷേപത്തട്ടിപ്പു കേസിൽ ജയിലിലായ സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രതോ റോയി, കൽമാഡി, അമർസിങ്, എ. രാജ, യുനിടെക്കിലെ സഞ്ജയ് ചന്ദ്ര എന്നിവരാണ് വി.ഐ.പി സൗകര്യത്തിൽ കഴിഞ്ഞിരുന്നതെന്ന കാര്യവും സുകേഷ് ഓർമിപ്പിച്ചു. താനും കുറച്ചു കാലം ഈ വാർഡിലുണ്ടായിരുന്നുവെന്നും സുകേഷ് സമ്മതിക്കുന്നുണ്ട്.