ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകൾ കെ.കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. രാവിലെ പതിനൊന്നോടെയാണു കവിത ചോദ്യം ചെയ്യലിനായി ഡൽഹിയിലെ ഇഡി ഓഫിസിൽ എത്തിയത്. കവിതയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ബിആർഎസ് പ്രവർത്തകർ ഇഡി ഓഫിസിലെത്തി. മദ്യ ലൈസൻസ് അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു കവിതയ്ക്ക് ഇഡി സമൻസ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി നിർദേശിച്ചിരുന്നതെങ്കിലും കവിത ഇന്നത്തേക്കു സമയം നീട്ടിച്ചോദിച്ചു. സ്ത്രീ സംവരണ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ കക്ഷികളെയും വനിതാ സംഘടനകളെയും അണിനിരത്തി ഡൽഹിയിൽ നിരാഹാര സമരം നടത്തുന്നതു ചൂണ്ടിക്കാട്ടിയാണ് കവിത സമയം നീട്ടിച്ചോദിച്ചത്.
അതിനിടെ കവിതയെ ഇഡി അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവു രംഗത്തെത്തി. കവിതയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ കടുത്ത പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ചന്ദ്രശഖർ റാവു, ബിആർഎസിനെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾ ഫലം കാണില്ലെന്നും വ്യക്തമാക്കി.
ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി മദ്യവ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ലൈസൻസ് അഴിമതിയിൽ കവിതയുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ ഇയാളിൽനിന്നു ലഭിച്ചതായാണു സൂചന. ഇയാൾക്കൊപ്പമിരുത്തി കവിതയെ ചോദ്യംചെയ്യാനാണു നീക്കം.ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ സിസോദിയയും കവിതയും ഇടപെട്ടുവെന്നാണു നിഗമനം. കവിതയെ മുൻപ് സിബിഐ ചോദ്യംചെയ്തിരുന്നു.