തിരുവനന്തപുരം∙ സംസ്ഥാനത്ത് കൊപ്ര സംഭരണം അടുത്ത മാസം പുനരാരംഭിക്കും. 6 മാസത്തേക്കാണു സംഭരണം. കേരളത്തിൽ നിന്നും 50,000 മെട്രിക് ടൺ കൊപ്ര സംഭരിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നിർദേശങ്ങൾ നാഷനൽ അഗ്രിക്കൾചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന് (നാഫെഡ്)കേന്ദ്ര സർക്കാർ നൽകി. ഇപ്പോൾ നിർത്തി വച്ചിരിക്കുന്ന കൊപ്ര സംഭരണം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് കേന്ദ്ര സർക്കാരിന് കഴിഞ്ഞ നവംബറിലും, കഴിഞ്ഞ മാസവും കത്തു നൽകിയിരുന്നു.
കഴിഞ്ഞ ഡിസംബറിൽ, നിശ്ചയിച്ച പുതുക്കിയ നിരക്കായ 10860 രൂപയ്ക്കാണ്(ക്വിന്റലിന്) സംഭരണം നടത്തുക. മുൻ നിരക്ക് 10590 രൂപയായിരുന്നു. നിലവിലെ വിപണി വിലയെക്കാൾ ഉയർന്ന നിരക്കിലാണ് താങ്ങുവിലയായി നിശ്ചയിച്ചിട്ടുള്ളതിനാൽ ഇത് നാളികേര കർഷകർക്ക് ഗുണകരമാകുമെന്നു കൃഷി വകുപ്പ് അറിയിച്ചു.