ദില്ലി : ഡെൽറ്റ വകഭേദത്തിനു ശേഷം കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദത്തെ ഭീതിയോടെയാണ് ലോകം കാണുന്നത്. അതിന്റെ വ്യാപനശേഷി കൂടുതലാണെന്നതുതന്നെ കാരണം. എന്നാൽ ഒമിക്രോൺ ജലദോഷപ്പനി പോലെ എല്ലാവർക്കും വന്നു പോകാമെന്നും ഗുരുതരാവസ്ഥയിലേക്കോ മരണങ്ങളിലേക്കോ നയിക്കുകയില്ലെന്നുമാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭയപ്പെടുത്തുന്ന അസുഖമായി കോവിഡിനെ ഇനി കാണേണ്ട കാര്യമില്ലെന്നും ഒമിക്രോൺ തീവ്രത കുറഞ്ഞ വകഭേദമാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രീയ ഉപദേഷ്ടാവ് ഡോ. ജയ്പ്രകാശ് മുളിയിൽ പറഞ്ഞു.
ഒമിക്രോൺ ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണവും വളരെ കുറവാണ്. ബൂസ്റ്റർ ഡോസ് എടുത്തവരെയും ഒമിക്രോൺ ബാധിച്ചേക്കാം. പക്ഷേ രോഗം ഗുരുതരമാകില്ലെന്നും ഡോ. ജയ്പ്രകാശ് വ്യക്തമാക്കി. ഒമിക്രോൺ വ്യാപനത്തിനെതിരെ രോഗപ്രതിരോധ ശേഷി കൂട്ടാൻ വാക്സീനുകളുടെ ബൂസ്റ്റർ ഡോസ് വിതരണം രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.