ബംഗളൂരു: പണി പൂർത്തിയാക്കാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ച് രാമനഗരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം. എക്സ്പ്രസ് വേയുടെ ഭാഗമായുള്ള അണ്ടർപാസുകളും സർവീസ് റോഡുകളും ഇപ്പോഴും മോശം അവസ്ഥയിലെന്നും ഇവർ ആരോപിച്ചു. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കർഷകർക്ക് ഇനിയും നഷ്ടപരിഹാരം നൽകാൻ ബാക്കിയുണ്ടെന്ന് പ്രതിഷേധക്കാർ.
117 കിലോമീറ്റർ ദൈർഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്. മെയിൻ റോഡ് ആറ് വരിപ്പാതയാണ്. സർവീസ് റോഡ് നാല് വരിപ്പാതയും. തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ജെഡിഎസ് ശക്തികേന്ദ്രമായ മാണ്ഡ്യയിൽ എക്സ്പ്രസ് വേ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മൈസൂരു – കുശാൽ നഗർ നാലുവരിപാതയുടെ നിർമ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
പുതിയ പത്ത് വരിപ്പാത യാഥാർഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. ഇത് വടക്കൻ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികൾക്ക് വലിയ സഹായമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു.