കൊച്ചി> 2011 മുതല്‍ ഇതുവരെയുള്ള മുഴുവന്‍ കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കട്ടെ എന്നാണ് കോര്‍പറേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നതെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍. സര്‍ക്കാരിന് ഏത് അന്വേഷണ ഏജന്‍സിയെ വച്ച് വേണമെങ്കിലും അന്വേഷിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ബ്രഹ്മപുരത്ത് മാലിന്യം തീപിടിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം
ബ്രഹ്മപുരം പ്ലാന്റില്‍ അടിയന്തരമായി ചില റിപ്പയറുകള്‍ നടത്തേണ്ടതുണ്ട്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വരും.2011 മുതലാണ് പ്ലാന്റിന് ഈ അവസ്ഥ ഉണ്ടാകുന്നത്. അന്ന് മുതലാണ് മുഴുവന്‍ മാലിന്യവും ഇവിടെ കൊണ്ടുവന്ന് തട്ടിയത്. അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു
മാലിന്യം അവരവരുടെ കോമ്പൗണ്ടില്‍ തന്നെ സംസ്‌കരിക്കണമെന്ന ഉത്തരവ് ബള്‍ക്ക് ജനറേറ്റേഴ്‌സ് ആയിട്ടുള്ള ആളുകള്‍ക്ക് നിയമപ്രകാരം തന്നെ ഉണ്ട്. അതവര്‍ ചെയ്യാന്‍ ബാധ്യസ്ഥരാണ്. ആവശ്യമായ എംസിഎഫ് ഒരുക്കുകയും ഉറവിട മാലിന്യ സംസ്‌കരണത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണം. മാലിന്യങ്ങള്‍ തരം തിരിക്കുന്ന രീതിയിലേക്ക് ആളുകള്‍ എത്തണമെന്നും മേയര്‍ വ്യക്തമാക്കി