കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തെ വിമർശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകി. നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ട് വരുന്നത് നിർത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ കോർപ്പറേഷൻ ഉടനടി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ടായി നൽകിയിരിക്കുന്നത്.അജൈവ മാലിന്യങ്ങൾ ബ്രഹ്മപുരത്തേക്ക് ഇനി കൊണ്ട് പോകരുതെന്നാണ് ആദ്യ നിർദ്ദേശം.ഇത് പ്രാദേശികമായി കളക്ഷൻ പോയിന്‍റുകളിൽ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. സാനിറ്ററി പാഡുകളും ഡയപ്പുറകളും എളംകുളത്തുള്ള ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തിക്കണം. ആളുകൾ റോഡരികിൽ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ സമയം നിരീക്ഷണം ഉറപ്പാക്കണം. ഉറവിട മാലിന്യ സംസ്കരണം ഫ്ലാറ്റുകളിൽ നടപ്പിലാക്കണം. തുടങ്ങിയ നിർദ്ദേശങ്ങൾ ജൂൺ 5 നകം നടപ്പാക്കണമെന്നാണ് നിർദ്ദേശം.
ജൈവ മാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും കോർപ്പറേഷനോട് ആവശ്യപ്പെടുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് ബ്രഹ്മപുരത്ത് സോണ്ടാ ഇൻഫ്രാടെക്ക് ബയോ മൈനിംഗ് നടത്തിയത്.മാലിന്യ കൂന്പാരങ്ങൾ ശരിയായ രീതിയിൽ വേർതിരിച്ചിരുന്നില്ല. കല്ലും തടിക്കഷ്ണങ്ങളും മണ്ണും പ്ലാസ്റ്റിക്കുമെല്ലാം കൂടിക്കുഴഞ്ഞ സ്ഥിതിയിലായിരുന്നു.ബയോ മൈനിംഗിന് ശേഷവും സംസ്കരിച്ച ആർഡിഎഫ് കെട്ടി പരിസരത്ത് കെട്ടിവെച്ചതായി കണ്ടു. ആറ് അഗ്നിരക്ഷാ ഉപകരണങ്ങൾ ഉണ്ടെങ്കിലും ഒന്നും പ്രവർത്തിച്ചിരുന്നില്ല. രണ്ട് വെയിംഗ് മെഷിനുകളിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്.മാലിന്യത്തിൽ നിന്ന് ഊർന്നിറങ്ങുന്ന വെള്ളം സംസ്കരിക്കണമെന്ന നിർദ്ദേശവും ലംഘിച്ചു.ഇതിനായുള്ള കളക്ഷൻ ടാങ്കുകളിലേക്കുള്ള ഓവുകളും ബ്ലോക്കായാണ് കണ്ടത്.ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ച് ഈ റിപ്പോർട്ട് നാളെ പരിഗണിക്കും.