റിയാദ്: സൗദി അറേബ്യയിൽ വ്യോമയാന തൊഴിലുകളിലെ സ്വദേശിവത്കരിക്കണത്തിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ. ഈ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഈ മാസം 15 മുതൽ എല്ലാ തലത്തിലുമുള്ള വ്യോമയാന തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പാക്കാൻ ആരംഭിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സ്വദേശിവത്കരണത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിശ്ചയിച്ച സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനെ തുടർന്നാണ് ഇത്. രാജ്യത്തെ സ്ത്രീപുരുഷ പൗരന്മാർക്ക് മികച്ചതും ഉൽപാദനപരവുമായ തൊഴിൽ അന്തരീക്ഷമൊരുക്കുന്നതിനും തൊഴിൽ വിപണിയിലും സാമ്പത്തിക രംഗത്തും അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
ആദ്യഘട്ടത്തിൽ എയർ ട്രാഫിക് കൺട്രോളർ, എയർ നാവിഗേറ്റർ, ഗ്രൗണ്ട് ട്രാഫിക് കോഓഡിനേറ്റർ, കോ-പൈലറ്റ് എന്നീ നാല് തൊഴിലുകളാണ് പൂർണമായും സൗദി പൗരന്മാർക്കായി നിജപ്പെടുത്തിയത്. കൂടാതെ ‘ഫിക്‌സഡ് വിങ് പൈലറ്റ്’ എന്ന തസ്തികകളിൽ 60 ശതമാനവും ‘എയർഹോസ്റ്റസ്’ തസ്തികകളിൽ 50 ശതമാനവും സ്വദേശിവത്കരിക്കും. ഏവിയേഷൻ പ്രഫഷനുകളിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.