നിങ്ങൾക്കൊരു കുട്ടിയുണ്ടെങ്കിൽ അവരുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി വയ്ക്കുന്നത് എത്രമാത്രം ദുഷ്കരമായ പണിയാണ് എന്ന് അറിവുണ്ടാകും. മിക്കവാറും രക്ഷിതാക്കൾ ഫോണും ഗെയിമും ഒക്കെ കുട്ടികളിൽ നിന്നും മാറ്റി വെക്കാൻ പെടാപ്പാട് പെടാറുണ്ട്. എന്നാൽ, നിർത്താതെ ഗെയിം കളിച്ചിരുന്ന കുട്ടിക്ക് ഒരു അച്ഛൻ നൽകിയ ശിക്ഷയാണ് ഇപ്പോൾ വാർത്തയാവുന്നത്.
നീണ്ട 17 മണിക്കൂർ നിർത്താതെ ഗെയിം കളിപ്പിച്ചു കൊണ്ടാണ് അച്ഛൻ മകനെ ശിക്ഷിച്ചിരിക്കുന്നത്. അച്ഛനെതിരെ ഇതോടെ വിമർശനവും ഉയർന്നു. ചൈനയിലെ ഷെൻഷെന്നിലാണ് സംഭവം നടന്നത്. രാത്രി ഒന്നര ആയിട്ടും മകൻ ഉറങ്ങാതെ ഗെയിം കളിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണത്രെ അച്ഛൻ മകന് ഇങ്ങനെ ഒരു ശിക്ഷ നൽകിയത്.
ഹുവാങ്ങ് എന്നാണ് അച്ഛന്റെ പേര്. അച്ഛൻ നോക്കുമ്പോൾ രാത്രിയിലും ഉറങ്ങാതെ മകൻ തന്റെ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നത്രെ. എന്നാൽ, തന്റെ ഫോൺ കുട്ടിയിൽ നിന്നും പിടിച്ചു വാങ്ങുന്നതിന് പകരം അച്ഛൻ അവനോട് നിർത്താതെ ഗെയിം കളിക്കാൻ പറയുകയായിരുന്നു. അവനെ ഉറങ്ങാനും അച്ഛൻ സമ്മതിച്ചില്ല.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഡുയിനിലാണ് ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛൻ മകനോട് നിർത്താതെ ഗെയിം കളിക്കാൻ പറഞ്ഞു. മകന്റെ ആരോഗ്യത്തിന് ഉറങ്ങാതെ ഗെയിം കളിക്കുന്നത് എത്ര മോശമാണ് എന്ന് ബോധ്യപ്പെടുത്താനായിരുന്നുവത്രെ ഇത്. തുടർന്ന് അച്ഛൻ മകന്റെ സ്കൂളിൽ വിളിച്ച് അവൻ ഇന്ന് അവധിയായിരിക്കും എന്ന് പറഞ്ഞു.
ആദ്യമൊക്കെ കുട്ടി ആസ്വദിച്ച് ഗെയിം കളിച്ചെങ്കിൽ 12 മണിക്കൂർ കഴിഞ്ഞതോടെ കുട്ടിക്ക് തന്റെ ഉറക്കം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ ആയി. എന്നാൽ, അച്ഛൻ കുട്ടിയെ ഉറങ്ങാൻ അനുവദിച്ചില്ല. കുറച്ച് മണിക്കൂറുകൾ കൂടി അവൻ പിടിച്ചിരുന്നു. അവസാനം വൈകുന്നേരം 6.30 -ന് അവൻ അച്ഛനോട് മാപ്പ് പറഞ്ഞ ശേഷമാണത്രെ ഉറങ്ങാനായത്.
അച്ഛനോട് മാപ്പ് പറഞ്ഞ് ഒരു കത്തും അവൻ എഴുതി. ഇനി ഉറങ്ങാതിരുന്ന് ഗെയിം കളിക്കില്ല എന്നാണ് അതിൽ പറയുന്നത്. ഏതായാലും ഈ ശിക്ഷാരീതി താൻ മറ്റ് രക്ഷിതാക്കൾക്ക് നിർദ്ദേശിക്കില്ല എന്ന് കൂടി അച്ഛൻ വ്യക്തമാക്കി. ഏതായാലും വീഡിയോയ്ക്ക് വിമർശിച്ചും പിന്തുണച്ചും നിരവധി കമന്റുകൾ വന്നു.