തിരുവനന്തപുരം : പ്രശസ്ത കവി എസ് രമേശന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും ശ്രദ്ധേയമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയായിരുന്നു എസ് രമേശന്‍. അധ:സ്ഥിത ജനവിഭാഗങ്ങളുടെ ശബ്ദമായി നിന്നു എക്കാലവും രമേശന്റെ കവിത. വരേണ്യ വിഭാഗത്തിന്റെ അധികാര ഘടനയോട് എന്നും കലഹിച്ചു പോന്നിട്ടുള്ള രമേശന്റെ കവിതയിലുണ്ടായിരുന്നത് നിസ്വ ജനപക്ഷപാതം തന്നെയായിരുന്നു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന നേതാവ് എന്ന നിലയിലും ഗ്രന്ഥശാല സംഘം പ്രവര്‍ത്തകന്‍ എന്ന നിലയിലും ഗ്രന്ഥാലോകം പത്രാധിപന്‍ എന്ന നിലയിലും സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക ലോകത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാനുളള വിധത്തിലുള്ളതായിരുന്നു. കേരളത്തിലെ പുരോഗമന, രാഷ്ട്രീയ, സാമൂഹ്യ രംഗത്തിന് പൊതുവിലും പുരോഗമന കലാസാഹിത്യ സംഘത്തിന് പ്രത്യേകിച്ചും വലിയ നഷ്ടമാണ് രമേശന്റെ വിയോഗംമൂലം ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.