കാലിഫോര്‍ണിയ: പിരിച്ചുവിടലിന്‍റെ തിരിച്ചടിക്ക് പിന്നാലെ ഇരട്ട പ്രഹരവുമായി ഗൂഗിള്‍. പിരിച്ചുവിട്ട ജീവനക്കാരിൽ പ്രവസാവധിയിലോ, മെഡിക്കൽ ലീവിലോ ആയിരുന്ന ജീവനക്കാർക്ക് അവധി തീരും വരെയുള്ള ശന്പളം നൽകേണ്ടതില്ലെന്ന തീരുമാനവുമായി ഗൂഗിൾ. ഈ ആവശ്യവുമായി നൂറിലധികം ജീവനക്കാർ നൽകിയ അപേക്ഷകൾ ഗൂഗിള്‍ തള്ളി. കന്പനിയിലെ ആറ് ശതമാനം ജീവനക്കാരെയാണ് ഗൂഗിൾ ഈ വര്‍ഷം ജനുവരിയില്‍ പിരിച്ചുവിട്ടത്.
പ്രസവാവധിക്ക് പുറമേ കമ്പനി നല്‍കിയിരുന്ന സമാനമായ പല ലീവുകളിലുള്ളവര്‍ക്കും ഈ തീരുമാനം ബാധകമാണ്. പിരിച്ചുവിടുന്നതിന് മുന്‍പ് കമ്പനി അനുവദിച്ചിരുന്ന ലീവുകളുടെ ആനുകൂല്യം നല്‍കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സിഇഒ സുന്ദര്‍ പിച്ചൈ അടക്കമുള്ള ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തുകള്‍ക്ക് നിരാശാജനകമാണ് സ്ഥാപനത്തില്‍ നിന്നുള്ള പ്രതികരണം. പിരിച്ചുവിടലുകളെ കുറച്ചു കൂടി നല്ല നിലയില്‍ കൈകാര്യം ചെയ്യണമെന്ന് കാണിച്ചുകൊണ്ടുള്ള മുന്‍ ജീവനക്കാരുടെ കത്തിനോടും ഗൂഗിള്‍ സിഇഒ അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടില്ല. 1400ല്‍ അധികം ജീവനക്കാര്‍ ഒപ്പിട്ട നിവേദനത്തിനാണ് ഇനിയും മറുപടി നല്‍കിയിട്ടില്ല. അഞ്ച് ആവശ്യങ്ങളാണ് പിരിച്ചു വിടലുകളെ മാന്യമാക്കുന്നതിനായി ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പിരിച്ചുവിടുന്ന സമയത്ത് പുതിയ ആളുകളെ ജോലിക്ക് എടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുക, ആല്‍ഫബെറ്റ് ഓര്‍ഡര്‍ അനുസരിച്ച് പിരിച്ച് വിടപ്പെട്ട ജീവനക്കാര്‍ക്ക് തിരികെ എടുക്കുമ്പോള്‍ മുന്‍ഗണന നല്‍കുക, യുക്രൈന്‍, റഷ്യ പോലെ കലാപാന്തരീക്ഷമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉടന്‍ പിരിച്ച് വിടാതിരിക്കുക, മുന്‍കൂര്‍ അനുവദിച്ച ലീവുകളോട് മാന്യത കാണിക്കുക, പിരിച്ച് വിടലില്‍ ലിംഗ, വര്‍ഗ, വര്‍ണത്തെ അടിസ്ഥാനത്തില്‍ അല്ലാതിരിക്കുക എന്നീ ആവശ്യങ്ങളാണ് നിരവധി ജീവനക്കാര്‍ ഒപ്പിച്ച നിവേദനത്തില്‍ വിശദമാക്കുന്നത്. പൈശാചികമായി പെരുമാറരുതെന്നും നിങ്ങളുടെ കഴിവില്‍ ചെയ്യാന്‍ കഴിയുന്നതുമാ. കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.