തൃണമൂൽ കോൺഗ്രസ് ആഭ്യന്തര യോഗത്തിനിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമാണെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആർക്കും ലക്ഷ്യം വയ്ക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.രാഹുലാണ് മോദിയുടെ ഏറ്റവും വലിയ തുറുപ്പു ചീട്ട്. രാഹുൽ ഗാന്ധിയെ ഹീറോയാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാഹുലിനെ നേതാവാക്കുന്നതിന്റെ ഭാഗമായാണ് ബി.ജെ.പി ഇപ്പോൾ പാർലമെന്റിൽ പ്രശ്നമുണ്ടാക്കുന്നതെന്നും മമത ആരോപിച്ചു.
ബി.ജെ.പിക്ക് മുന്നിൽ തലകുനിക്കുന്നത് കോൺഗ്രസാണ്. കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും ന്യൂനപക്ഷങ്ങളെ തൃണമൂലിനെതിരായി ഉപയോഗിക്കുകയാണ്” കൊൽക്കത്തയിൽ നിന്നുള്ള ഓൺലൈൻ പ്രസംഗത്തിൽ മമത പാർട്ടി പ്രവർത്തകരോട് പറഞ്ഞു.
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ തൃണമൂലിന് ന്യൂനപക്ഷ ഭൂരിപക്ഷമുള്ള ഒരു സീറ്റ് നഷ്ടമായിരുന്നു. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമായാൽ ബി.ജെ.പിക്കാണ് നേട്ടമെന്ന് നേരത്തേ തൃണമൂൽ നേതാവും എം.പിയുമായ സുദീപ് ബന്ദോപാധ്യായ് ആരോപിച്ചിരുന്നു.