ന്യൂഡൽഹി: ആറ് ലക്ഷം വരുന്ന കുടുംബ പെൻഷൻകാർക്കും ഗാലൻട്രി വാർഡ് ജേതാക്കൾക്കും നൽകാനുള്ള വൺ റാങ്ക് വൺ പെൻഷൻ കുടിശ്ശിക ഏപിൽ 30നുള്ളിൽ കൊടുത്തു തീർക്കണമെന്ന് സുപ്രീംകോടതി. കുടിശ്ശിക കൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാർ ഹാജരാക്കിയ മുദ്രവെച്ച കവർ സുപ്രീം കോടതി സ്വീകരിച്ചില്ല.മുദ്രവെച്ച കവറിൽ വിവരങ്ങൾ നൽകുന്നതിനോട് വ്യക്തിപരമായി എനിക്ക് താത്പര്യമില്ല. കോടതിയിൽ സുതാര്യത ആവശ്യമാണ്. ഇത് ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച കേസാണ്. ഇതിലെന്താണ് രഹസ്യമാക്കാനുള്ളത്?’ – മുദ്രവെച്ച കവർ നിരസിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.
മുദ്രവെച്ച കവറിൽ വിവരങ്ങൾ സമർപ്പിക്കുന്നത് നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നും ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വൺ റാങ്ക് വൺ പെൻഷൻ കുടിശ്ശിക ഗഡുക്കളായി നൽകുന്നത് സംബന്ധിച്ച് എക്സ് സർവീസ് മെൻ മൂവ്മെന്റ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
നേരത്തെ, കുടിശ്ശിക നാലു ഗഡുക്കളായി കൊടുത്തു തീർക്കുമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ സുപ്രീംകോടതി രംഗത്തെത്തുകയും ഉത്തരവ് ഉടൻ പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.