പാലക്കാട് : ദക്ഷിണ റെയില്‍വേയുടെ കൈവശമുള്ള ഭൂമി സില്‍വര്‍ ലൈന്‍ നിര്‍മാണത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു റെയില്‍വേ അറിയിച്ചു. കെ റെയില്‍ നല്‍കിയ പദ്ധതി അംഗീകരിക്കുന്ന കാര്യത്തിലും റെയില്‍വേ ബോര്‍ഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു വിവരാവകാശരേഖയില്‍ വ്യക്തമാക്കി. റെയില്‍വേയുടെ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിട്ടില്ല. സമാന്തരമായി സില്‍വര്‍ ലൈന്‍ നിര്‍മാണം നടക്കുകയാണെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഒഴിവാക്കി വേണം സ്ഥലം ഏറ്റെടുക്കാനെന്നു കെ റെയിലിനെ അറിയിച്ചിട്ടുണ്ടെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു. സില്‍വര്‍ ലൈനിന്റെ നിര്‍ദിഷ്ട അലൈന്‍മെന്റുകളില്‍ ചിലതു റെയില്‍വേയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്കയുള്ളതിനാല്‍ അക്കാര്യം ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കെ റെയിലിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്കു വ്യക്തത നല്‍കേണ്ടത് അവരാണെന്നും അതു തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും റെയില്‍വേ അറിയിച്ചു.
അതേസമയം മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ ബ്രോഡ്‌ഗേജില്‍ തന്നെ സെമി ഹൈസ്പീഡ് ട്രെയിന്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു റെയില്‍വേ തുടക്കമിട്ടിട്ടുണ്ട്. ഇക്കാര്യം പഠിക്കാന്‍ റെയില്‍വേ സമിതിയെ നിയോഗിച്ചിരുന്നു. ആദ്യമായി പുണെ-നാസിക് സെക്ടറില്‍ ബ്രോഡ്‌ഗേജ് സ്പീഡ് ട്രാക്ക് നിര്‍മിക്കാനാണ് ആലോചന. എന്നാല്‍, കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പറയുന്ന 200 കിലോമീറ്റര്‍ വേഗം പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണെന്നാണു റെയില്‍വേയുടെ നിരീക്ഷണം.