ന്യൂഡല്‍ഹി : പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയെക്കുറിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ 5 അംഗ സമിതി അന്വേഷിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ 3 അംഗ സുപ്രീം കോടതി ബെഞ്ചാണു പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സമിതി രൂപീകരിച്ചത്. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ചണ്ഡിഗഡ് പൊലീസ് മേധാവി, പഞ്ചാബിലെ സുരക്ഷാ ചുമതലയുള്ള എഡിജിപി, പഞ്ചാബ് – ഹരിയാന റജിസ്ട്രാര്‍ ജനറല്‍ എന്നിവരും ഉള്‍പ്പെട്ടതാണു സമിതി. അന്വേഷണത്തിനു സമയപരിധിയില്ല. സമഗ്ര റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നാണു നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചശേഷം കേസ് വീണ്ടും പരിഗണിക്കും. സുരക്ഷാപ്പിഴവിന്റെ കാരണങ്ങള്‍, ഉത്തരവാദികള്‍ ആരൊക്കെ, അവരുടെ പങ്ക്, സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കാനുള്ള നടപടികള്‍, ഭരണഘടനാപദവികളിലുള്ളവരുടെ സുരക്ഷയ്ക്കുള്ള ശുപാര്‍ശകള്‍, വിഷയവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ എന്നിവയാണ് പരിഗണനാ വിഷയങ്ങള്‍.
അന്വേഷണത്തിനു കേന്ദ്രവും സംസ്ഥാനവും വെവ്വേറെ സമിതികളെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു സമിതിയുടെ നടപടികള്‍ പൂര്‍ത്തിയാകുംവരെ ഈ സമിതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട രേഖകളെല്ലാം ശേഖരിച്ചു സൂക്ഷിക്കാന്‍ കഴിഞ്ഞ 7നു കോടതി പഞ്ചാബ് – ഹരിയാന ഹൈക്കോടതി റജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 5ന് ഫിറോസ്പുരിലേക്കു യാത്ര ചെയ്യുമ്പോഴാണ് മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം വഴിയില്‍ കുടുങ്ങിയത്. സമരക്കാര്‍ വഴിതടഞ്ഞതായിരുന്നു കാരണം. ലോയേഴ്‌സ് വോയ്‌സ് എന്ന സംഘടന നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.