തിരുവനന്തപും; മദ്യപിച്ച് സർവീസ് നടത്തിയ രണ്ട് ഡ്രൈവർമാർ, ടിക്കറ്റിൽ തിരിമറി നടത്തിയ കണ്ടക്ടർ, അമതി വേഗതയിൽ അപകടം ഉണ്ടാക്കിയ ഡ്രൈവർ ,മേലുദ്യോഗസ്ഥർക്കെതിരെ അപകീർത്തി പ്രചരണം നടത്തിയ കണ്ടക്ടർ ഉൾപ്പെടെ അച്ചടക്ക ലംഘനം നടത്തിയ അഞ്ച് ജീവനക്കാരെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തു.മദ്യപിച്ച് സർവീസ് നടത്തി അപകടം ഉണ്ടാക്കുകയും ഡ്യൂട്ടിക്കിടയിൽ ബസിൽ നിന്നും ഇറങ്ങിപ്പോയ സംഭവത്തിൽ മാനന്തവാടി യൂനിറ്റിലെ ഡ്രൈവർ എ.ആർ ജയരാജനെ സസ്പെൻഡ് ചെയ്തു. മാർച്ച് 20 ന് കോയമ്പത്തൂർ മാനന്തവാടി സർവീസ് നടത്തവെ ഗാന്ധിപുരത്ത് വെച്ച് സിഗ്നലിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട് കോർപ്പറേഷൻ ബസിൽ പിന്നോട്ട് പോയി ഇടിക്കുകയും, ബസിന്റെ ബംബറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ മദ്യപിച്ചതായി യാത്രക്കാർ പറഞ്ഞപ്പോൾ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടിപ്പോകുകയായിരുന്നു. തുടർന്ന് സുൽത്താൻ ബത്തേരിയിലെ മറ്റൊരു ഡ്രൈവറെ നിയോഗിച്ചാണ് സർവീസ് പൂർത്തിയാക്കിയിരുന്നത്.
മാർച്ച് 19 ന് സുൽത്താൻ ബത്തേരി തിരുവനന്തപുരം സർവീസ് നടത്തവെ കുറ്റിപ്പുറത്ത് സമീപം കാറുമായി ഉരസി അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണൻ മദ്യപിച്ച് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അജി ഉണ്ണികൃഷ്ണനേയും സസ്പെൻഡ് ചെയ്തു.
മാർച്ച് ഒന്നിന് അമിത വേഗതയിൽ ബസ് ഓടിച്ച് രണ്ട് കാറുകളിൽ ഇടിക്കുകയും, ബൈക്ക് യാത്രക്കാരായ മൂന്ന് പേർക്ക് ഗുരുതര പരിക്ക് ഉണ്ടാക്കുകയും ചെയ്ത സംഭവത്തിൽ സിറ്റി ഡിപ്പോയിലെ ഡ്രൈവർ എസ്. മാരിയപ്പനേയും സസ്പെൻഡ് ചെയ്തു.
യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകുകയും, ബാക്കി തുക നൽകുന്നതിൽ ക്രമക്കേട് കാട്ടുകയും ചെയ്ത സംഭവത്തിൽ തൃശൂർ ഡിപ്പോയിലെ കണ്ടക്ടർ കെ.എ കുഞ്ഞിമുഹമ്മദിനെ സസ്പെൻഡ് ചെയ്തു. യാത്രക്കാരുടെ പരാതിയെ തുടർന്ന് ഇൻസ്പെക്ടർമാർ വിവിധ സ്റ്റോപ്പുകളിൽ നിന്നും യാത്രക്കാർ ആയി കയറി, കുഞ്ഞിമുഹമ്മദിന്റെ പ്രവർത്തികൾ നിരീക്ഷിക്കവെ, ഗ്രൂപ്പ് ടിക്കറ്റ് നൽകുന്നതിന് പകരം വെവ്വേറെ ടിക്കറ്റുകൾ പ്രിന്റ് ചെയ്തു ചുരുട്ടി നൽകുകയും, ടിക്കറ്റ് ഫെയറിൽ മനപൂർവം നിരക്ക് കൂട്ടി യാത്രക്കാരിൽ നിന്നും കൂടുതൽ തുക ഈടാക്കുകയും, യാത്രക്കാരിൽ നിന്നും പണം ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതെ യാത്ര ചെയ്യാൻ അനുവദിച്ചതും, കളക്ഷൻ ബാഗിൽ 1342 രൂപ അധികം കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ടിക്കറ്റിൽ കൃത്രിമം കാട്ടി യാത്രക്കാരേയും, കോർപ്പറേഷനേയും കബളിപ്പിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്തത്.
സി.എം.ഡിയേയും ഉദ്യോഗസ്ഥരേയും വിമർശിച്ച് പ്രസംഗിക്കുകയും, അത് വാട്ട്സ് അപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ വിജു. കെ നായരെ സസ്പെൻഡ് ചെയ്തു. സഹപ്രവർത്തകന്റെ അനുസ്മരണ ചടങ്ങിലാണ് വിജു കെ.നായർ സി.എം.ഡിക്കും, മേൽ ഉദ്യോഗസ്ഥർക്കും എതിരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനവും, പെരുമാറ്റ ദൂഷ്യവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.