ദോഹ : കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ബാധിക്കുന്ന അധികപേര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമാവുന്നതെന്നും അത്തരക്കാര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമില്ലെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരായാലുണ്ടാകാവുന്ന ചെറിയ, ഇടത്തരം ലക്ഷണങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴുണ്ടാകുന്ന രോഗലക്ഷണങ്ങളും വ്യക്തമാക്കി മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഓരോ തരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും അധികൃതര്‍ വിവരിക്കുന്നുണ്ട്. ചെറിയ പനി, വരണ്ട ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ്, തൊണ്ടയില്‍ മറ്റ് അസ്വസ്ഥതകള്‍, മണവും രുചിയും തിരിച്ചറിയാതാവുക, തലവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം, ക്ഷീണം. ഇത്തരം ലക്ഷണങ്ങളുള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയണം. രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ പാരസെറ്റാമോള്‍ കഴിക്കാമെന്നാണ് അറിയിപ്പ്. ധാരാളം വെള്ളം കുടിക്കുകയും എന്നാല്‍ ദീര്‍ഘനേരം കിടിക്കുന്നത് ഒഴിവാക്കുകയും വേണം.
സ്വയം പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ്. പോസിറ്റീവാണെങ്കില്‍ അടുത്തുള്ള അംഗീകൃത മെഡിക്കല്‍ സെന്ററില്‍ പോയി ഔദ്യോഗിക കൊവിഡ് പരിശോധന നടത്തി ഇഹ്തിറാസ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് മാറ്റാം. അല്ലെങ്കില്‍ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രത്തെ സമീപിക്കാം. കടുത്ത പനി, ശക്തമായ ചുമ, വിറയല്‍, പേശി വേദന, പുറം വേദന, ക്ഷീണം, ശരീര വേദന, നടക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, കൃത്രിമ ശ്വാസ സഹായമില്ലാതെ ഓക്‌സിജന്‍ അളവ് 94 ശതമാനത്തിന് മുകളില്‍. ഇത്തരം ലക്ഷണങ്ങളുള്ളവരും മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയണം. രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ പാരസെറ്റാമോള്‍ കഴിക്കാം. ധാരാളം വെള്ളം കുടിക്കുകയും എന്നാല്‍ ദീര്‍ഘനേരം കിടിക്കുന്നത് ഒഴിവാക്കുകയും വേണം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളായ ക്യാന്‍സര്‍, ഹൃദ്രോഗം, പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ 16000 എന്ന നമ്പറില്‍ വിളിച്ച് നിര്‍ദേശം തേടണം.
സ്വയം പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ്. പോസിറ്റീവാണെങ്കില്‍ അടുത്തുള്ള അംഗീകൃത മെഡിക്കല്‍ സെന്ററില്‍ പോയി ഔദ്യോഗിക കൊവിഡ് പരിശോധന നടത്തി ഇഹ്തിറാസ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് മാറ്റാം. അല്ലെങ്കില്‍ അംഗീകൃത കൊവിഡ് പരിശോധനാ കേന്ദ്രത്തെ സമീപിക്കാം. നെഞ്ച് വേദന, ചുണ്ടുകളിലും മുഖത്തും നീല നിറം, ബോധക്ഷയം, കടുത്ത ക്ഷീണവും ശരീര വേദനയും, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, 94 ശതമാനത്തില്‍ താഴെ ഓക്‌സിജന്‍ നില ഗുരുതര രോഗ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികിത്സ തേടണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തുകയോ ജീവന്‍ അപകടത്തിലാവുന്ന തരത്തിലുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍ 999 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണം.