തിരുവനന്തപുരം∙ പഴവർഗങ്ങളിൽനിന്നും ധാന്യമൊഴികെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുമുള്ള ചട്ടങ്ങൾ എക്സൈസ് രൂപീകരിച്ചെങ്കിലും ആരും ലൈസൻസിനായി അപേക്ഷിച്ചില്ല. അടുത്ത സാമ്പത്തിക വർഷത്തെ മദ്യനയം പ്രഖ്യാപിക്കുന്നതോടെ അപേക്ഷകർ എത്തുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. ഐടി പാർക്കുകളിൽ മദ്യ വിതരണത്തിന് സംവിധാനം ഒരുക്കുന്നതിനുള്ള നടപടികളും നിലച്ചു. ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്നാണ് സർക്കാർ നിലപാട്.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള ചട്ടങ്ങൾ നിലവിൽവന്നത്. കേരള സ്മോൾ സ്കെയിൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രിക്കൾച്ചർ പ്രൊഡക്ട്റ്റ്സ് ഓഫ് കേരള) റൂൾസാണ് അംഗീകരിച്ചത്. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിൾ ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽനിന്നും ധാന്യമൊഴികെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനായിരുന്നു ആലോചന. നിർമാണ യൂണിറ്റുകൾക്ക് 3 വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചത്. വാർഷിക ഫീസ് 50,000 രൂപ. എക്സൈസ് കമ്മിഷണറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് പരിശോധനയ്ക്കുശേഷം ലൈസൻസ് നൽകേണ്ടത്. ലൈസന്‍സ് പുതുക്കി നൽകാനുള്ള അധികാരം ഡപ്യൂട്ടി കമ്മിഷണർക്കാണ്.
യൂണിറ്റ് ആരംഭിക്കാൻ കുറഞ്ഞത് 5 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. കേരളത്തിൽ വൈൻ ഉൽപ്പാദകരില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നാണ് വൈൻ കേരളത്തിലേക്കെത്തുന്നത്. ചട്ടത്തിൽ ഭേദഗതി വരുത്തിയതോടെ കർഷകർക്ക് ഗുണകരമാകുമെന്നും കേരളത്തിൽ വൈന്‍ ഉൽപ്പാദനം ആരംഭിക്കാനാകുമെന്നുമായിരുന്നു പ്രതീക്ഷ. ഉൽപ്പാദിപ്പിക്കുന്ന മദ്യം ബവ്റിജസ് കോർപറേഷനിലൂടെയാണ് വിൽപ്പന നടത്താൻ തീരുമാനിച്ചത്. എന്നാൽ, തണുത്ത പ്രതികരണമാണ് ലഭിച്ചത്. അടുത്ത വർഷത്തെ മദ്യനയം ഏപ്രിലിൽ നിലവിൽവരും. ഈയാഴ്ച നടക്കുന്ന ഉദ്യോഗസ്ഥ ചർച്ചകളിൽ നയത്തെ സംബന്ധിച്ച് അന്തിമരൂപം ഉണ്ടാകും. സർക്കാരിനു വരുമാനം ഉണ്ടാകുന്ന വിധത്തിൽ ഫീസുകളിൽ നേരിയ വർധനയുണ്ടാകും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാനിടയില്ല.