കോഴിക്കോട് : കടലില്‍ കുടുങ്ങിയ പോത്തിന് തുണയായി മത്സ്യത്തൊഴിലാളികള്‍. കോഴിക്കോട് നൈനാംവളപ്പ് കോതി അഴിമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് തീരത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പോത്തിനെ കണ്ടെത്തിയത്. ആഴക്കടലിലേക്ക് നീന്തി പോവുകയായിരുന്ന പോത്തിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തൊഴിലാളികള്‍ കാണുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പോത്തിനെ കരയിലെത്തിച്ചു. ഉടമയെ കണ്ടെത്താനായിട്ടില്ല. പുലര്‍ച്ചെ കോതി അഴിമുഖത്തുനിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട അറഫ, സാല റിസ എന്നീ രണ്ട് ഫൈബര്‍ വള്ളത്തിലെ തൊഴിലാളികളായ എ. ടി.റാസി, എ.ടി.ഫിറോസ്, എ.ടി. സക്കീര്‍, എ ടി.ദില്‍ഷാദ് എന്നിവരാണ് അപകടാവസ്ഥയില്‍ പോത്തിനെ ആദ്യം കാണുന്നത്. ആഴക്കടലിലേക്ക് മുങ്ങിത്താഴുന്ന പോത്തിനെ കരക്കെത്തിക്കുന്നതിനായുള്ള പരിശ്രമങ്ങള്‍ ഇവര്‍ ഉടന്‍ തന്നെ ആരംഭിച്ചു.
അവശനായ പോത്ത് കടലില്‍ മുങ്ങാതിരിക്കാന്‍ രണ്ട് കന്നാസുകള്‍ പോത്തിന്റെ ശരീരത്തില്‍ കെട്ടി പതുക്കെ നീന്തിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. എട്ടുമണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് പോത്തിനെ കരയ്‌ക്കെത്തിക്കാനായി വേണ്ടിവന്നത്. കോതി അഴിമുഖത്തെത്തിച്ച പോത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്.