പാറശാല : വീട് കുത്തി തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ നഗ്നമോഷ്ടാവ് എന്ന് അറിയപ്പെടുന്ന നിദ്രവിള എസ്ടി മങ്കാട് പുല്ലാനിവിള വീട്ടിൽ എഡ്വിൻ ജോസ് (30) പിടിയിൽ. മൂന്ന് ദിവസം മുൻപ് ഉച്ചക്കട തുമ്പകൽ സ്വദേശി ബേബിയുടെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച കേസ് അന്വേഷണത്തിൽ ആണ് കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നാൽപതോളം ഭവനഭേദനം, കവർച്ച വാഹന മോഷണം കേസുകളിൽ പ്രതിയായ എഡ്വിൻ ജോസ് പിടിയിലായത്. അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം നടത്തുന്നതാണ് എഡ്വിൻജോസിന്റെ രീതി. മൂന്ന് വർഷം മുൻപ് പാറശാല, ധനുവച്ചപുരം മേഖലകളിൽ ആഴ്ചകളോളം മോഷണ പരമ്പര തന്നെ സൃഷ്ടിച്ച് പൊലീസിനെ വലച്ചിരുന്നു. ശക്തമായ അന്വേഷണത്തെ തുടർന്ന് പിടിയിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് താക്കോൽ മോഷ്ടിച്ച് കടയിൽ കയറി വൻ കവർച്ച അടക്കം ഒരു ഡസനോളം മോഷണങ്ങൾ നടത്തിയതിന് ഒരു വർഷം മുൻപ് പിടിയിലായി.
തുമ്പകലിൽ വീടിന്റെ പിൻവാതിൽ കുത്തി തുറന്ന് മോഷണം നടത്താൻ ആയിരുന്നു ശ്രമം വീടിനു സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദ്യശ്യങ്ങളെ പിന്തുടർന്ന് പൊഴിയൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് രണ്ട് മാസമായി പൂവാറിലെ ഒരു ലോഡ്ജിൽ താമസിക്കുക ആയിരുന്ന എഡ്വിൻജോസിനെ കണ്ടെത്തിയത്. 2018ൽ പൊഴിയൂർ പോലീസ് മൂന്ന് മോഷണ കേസുകളിൽ ഇയാളെ പിടികൂടിയിട്ടുണ്ട്. പോലീസ് പൊഴിയൂർ ഇൻസ്പെക്ടർ കെ.വിനുകുമാർ, എസ്ഐ എസ്.എസ് സജി, രാധാകൃഷ്ണൻ, ഉപേന്ദ്രൻ, എഎസ്ഐ പ്രേംകുമാർ, സിപിഒ വൈശാഖ് എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.