തിരുവനന്തപുരം: വിവിധ പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സഹകരണ സ്ഥാപനങ്ങൾ. 9 മുതൽ 9.50 ശതമാനം വരെയായി പലിശ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. സാഹചര്യം ചര്‍ചെയ്യാൻ മന്ത്രിതല യോഗം തിങ്കളാഴ്ച ചേരും
സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് വരെ ധനസമാഹരണത്തിന് വിവിധ സ്ഥാപനങ്ങൾ ആശ്രയിക്കുന്നത് സഹകരണ കൺസോഷ്യങ്ങളെയാണ്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിലവിലുള്ള 2.50 ലക്ഷം കോടി നിക്ഷേപം വിവിധ വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ചുവടു പിടിച്ചാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ അനുവദിക്കുന്നത്. നിലവിലുള്ള പരമാവധി 8.50 ശതമാനം പലിശ നിരക്ക് ചുരുങ്ങിയത് ഒരു ശതമാനം എങ്കിലും കൂട്ടണമെന്നാണ് സഹകരണ സ്ഥാപനങ്ങളുടെ ആവശ്യം.
സഹകരണ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഫെബ്രുവരിയിൽ 8.75 ശതാമാനം വരെയാക്കി ഉയര്‍ത്തിയിരുന്നു. നിക്ഷേപങ്ങൾക്ക് നൽകുന്നതിനേക്കാൾ പലിശ വായ്പക്ക് ഈടാക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സഹകരണ സ്ഥാപനങ്ങൾ ധനവകുപ്പിനെ സമീപിച്ചിട്ടുള്ളത്. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ കമ്പനിക്ക് 20000 കോടി നൽകിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പെൻഷൻ വിതരണത്തിന് പ്രതിമാസം 70 കോടി രൂപ നൽകുന്നതും സഹകരണ സ്ഥാപനങ്ങളാണ്. പലിശ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ തീരുമാനം അറിഞ്ഞ ശേഷം മാത്രം ഇനി പെൻഷൻ ഫണ്ട് നൽകിയാൽ മതിയെന്നാണ് കൺസോഷ്യം തീരുമാനിച്ചിട്ടുള്ളത്. കൊച്ചി മെട്രോ തുടങ്ങി വിഴിഞ്ഞം പദ്ധതിക്ക് വരെ കടമെടുക്കാനിരിക്കെ പലിശ നിരക്കിൽ സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാണ്’.