തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ അഴമിതി കണ്ടെത്തുന്നതിനായി വിജിലൻസ് സംസ്ഥാന വ്യാപക മിന്നൽ പരിശോധന തുടങ്ങി. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ഗുണമേന്മ കുറഞ്ഞ് ഭക്ഷ്യവസ്തുക്കൾ വിപണിയിൽ വില്ക്കുന്നതിന് ഒത്താശ ചെയ്യുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഹെൽത്ത് -വെൽത്ത് എന്ന പേരിൽ ഇന്ന് രാവിലെ 10 മുതൽ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷണറുടെ കാര്യാലയത്തിലും പതിനാല ജില്ലകളിലേയും അസി. ഭക്ഷ്യ സുരക്ഷാ കമീഷണർമാരുടെയും ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബുകളിലും ഓരേ സമയം മിന്നൽ പരിശോധന തുടങ്ങിയത്.
ഭക്ഷ്യ സുരക്ഷ ലാബുകളിൽ നിന്നും അൺസേഫ്, സബ് സ്റ്റാൻഡേഡ്, മിസ് ബാൻഡ് എന്നീ റിസൽട്ട് ലഭിക്കുന്ന വസ്തുക്കളുടെ നിർമാതാക്കൾക്കെതിരെയുള്ള നടപടികൾ ഒഴിവാക്കുന്നതിന് ചില ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതെന്ന് രഹസ്യ വിവരം വിജിലൻസിന് ലഭിച്ചിരുന്നു.
ഫീൽഡ് പരിശോധനാവേളയിൽ ചില ഉദ്യോഗസ്ഥർ ശേഖരിക്കുന്ന സാമ്പിളുകൾ ‘ലാബ് പരിശോധനാ വേളയിൽ അൺസേഫ്, സബ് സ്റ്റാൻഡേഡ്, മിസ് ബാൻഡ് എന്ന് റിൽ സർട്ട് കിട്ടിയാൽ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, വീണ്ടും സാമ്പിളുകൾ ശേഖരിക്കാതെ നിയമപ്രകാരമുള്ള പ്രോസികൃഷൻ നടപടികൾ സ്വീകരിക്കാതിരിക്കുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഓരോ വർഷവും മാർച്ച് 31-നകം അതാത് സാമ്പത്തിക വർഷം വിട്ടുപോയ ഭക്ഷ്യ വസ്തുക്കളുടെ അളവ് ഭക്ഷ്യ സുരക്ഷാ ഓഫീസർക്ക് ഫയൽ ചെയ്യണം. അല്ലാത്ത പക്ഷം ദിനംപ്രതി 100 രൂപാ വീതം ഫൈൻ ഈടാക്കണമെന്നും ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്നു. എന്നാൽ, സംസ്ഥാനത്തിനകത്ത് ഭക്ഷണ വസ്തുക്കൾ വില്ക്കുന്നതിന് ലൈസൻസ് എടുത്തിട്ടുള്ള മുന്നൂറോളം ലൈസൻസികളിൽ വെറും 25 ശതമാനം പേർ മാത്രമേ റിട്ടേൺ ഫയൽ ചെയ്യുന്നുള്ളു. ഇക്കാര്യവും പരിശോധിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.