ദില്ലി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ശിവസേന ഉദ്ദവ് താക്കറെ പക്ഷം. പ്രതിപക്ഷ സഖ്യത്തിനൊപ്പം നീങ്ങമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. കൂട്ടായ തീരുമാനത്തിനൊപ്പം നിൽക്കും. ജനാധിപത്യത്തെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ സവർക്കറെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാഹുൽ ഗാന്ധിയോട് സംസാരിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
അയോഗ്യനാക്കിയതിന് പിന്നാലെ മാനനഷ്ടക്കേസിന് ആധാരമായ പ്രസംഗത്തിലെ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. മാപ്പ് പറയാൻ ഞാൻ സവർക്കറല്ല, ഗാന്ധിയാണ് എന്നായിരുന്നു രാഹുൽ പറഞ്ഞത്. അതേസമയം രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ ലോക്‌സഭയിൽ ഇന്നും ബഹളവും പ്രതിഷേധവും തുടർന്നു. സഭ ചേർന്നപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുഖത്തേക്ക് പേപ്പർ കീറിയെറിഞ്ഞ് കോൺഗ്രസ് എം പി മാർ പ്രതിഷേധിച്ചു. എംപിമാർ കരിങ്കൊടികളും വീശി. ഇതോടെ സഭ രണ്ട് മണി വരെ പിരിഞ്ഞു. ബഹളത്തെ തുടർന്ന് രാജ്യ സഭയിലും നടപടികൾ നിർത്തിവെച്ചു.