തിരുവനന്തപുരം: വീടുകളിൽ നായ്ക്കളെ വളർത്തുന്നവരും തെരുവുനായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന വ്യവസ്ഥ നഗരസഭ തയാറാക്കുന്ന ലൈസൻസ് നിയമാവലിയിൽ ഉൾപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. നഗരസഭ തയാറാക്കിയ നിയമത്തിലെയും സർക്കുലറിലെയും വ്യവസ്ഥകൾ നായ്ക്കളെ വളർത്തുന്നവർ കൃത്യമായി പാലിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചു.
പി.ടി.പി നഗറിലെ നായ് വളർത്തൽ കേന്ദ്രത്തിനെതിരെ പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നായ്ക്കൾക്ക് വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയവ ഉടമസ്ഥർ ഉറപ്പാക്കണം. നഗരസഭ തയാറാക്കുന്ന നിയമാവലി എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും നഗരസഭ സെക്രട്ടറിക്ക് കമീഷൻ നിർദേശം നൽകി. പി.ടി.പി നഗറിലെ നായ് വളർത്തൽ കേന്ദ്രം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു.
നഗരസഭ തയാറാക്കുന്ന പുതിയ നിയമാവലിയിൽ ഭൗതിക സാഹചര്യമുണ്ടെങ്കിൽ വാണിജ്യ ആവശ്യത്തിനല്ലാതെ ഒരാൾക്ക് അഞ്ച് നായ്ക്കളെ വളർത്താമെന്ന് പറയുന്നു. തെരുവുനായ്ക്കളെ വീടുകളിൽ വളർത്തുന്നവർക്ക് ഹോം ബേഡ്സ് ഷെൽട്ടർ എന്ന രീതിയിൽ ലൈസൻസ് നൽകും. വീടിനടുത്തുള്ള തെരുവുനായ്ക്കൾക്ക് ഭക്ഷണം കൊടുക്കാമെന്ന സർക്കുലർ നിലവിലുണ്ട്.