കോഴിക്കോട് ∙ കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പുരുഷ സുഹൃത്ത് ആഖില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ച് മാതാവ്. എന്നാൽ യുവതിയെ ഇരുമ്പ് ദണ്ഡ് കൊണ്ടു മര്‍ദിച്ചു എന്നത് വ്യാജ പ്രചാരണമാണെന്നും ആഖിലിന്റെ മാതാവ് പറഞ്ഞു. അതേസമയം, ആഖിലിന്റെ വീടിന്റെ ഒന്നാം നിലയിൽനിന്ന് ചാടി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി റഷ്യയിലേക്ക് മടങ്ങി.
കുടുംബജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങള്‍ കാരണം ആഖില്‍ ഏറെ നാളുകളായി മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഇതാകാം അവനെ ലഹരിക്ക് അടിമയാക്കിയതെന്നുമാണ് മാതാവിന്റെ ഭാഷ്യം. യുവതിക്കൊപ്പം നാട്ടിലെത്തിയതിന്റ തൊട്ടടുത്ത ദിവസം സുഹൃത്തുക്കള്‍ ആഖിലിന് ലഹരി എത്തിച്ച് നല്‍കിയിരുന്നതായും മാതാവ് വിശദീകരിച്ചു. അതേസമയം, ആഖിൽ യുവതിയെ ക്രൂരമായി മര്‍ദിച്ചെന്ന് പറയുന്നത് തെറ്റാണെന്ന് മാതാവ് വ്യക്തമാക്കി. പാസ്പോര്‍ട്ടും വലിച്ചു കീറിയിട്ടില്ല.
ഖത്തറിലായിരുന്ന ആഖിലുമായി ഇന്‍സ്റ്റഗ്രാം മുഖേനയാണ് യുവതി പരിചയപ്പെടുന്നത്. ഫെബ്രുവരി 19 നാണ് ഇരുവരും കൂരാച്ചുണ്ടിലെത്തിയത്. ആഖിലിന്റ മര്‍ദനം സഹിക്ക വയ്യാതെയാണ് കഴിഞ്ഞ ബുധനാഴ്ച വീടിന്റ ടെറസില്‍ നിന്ന് ചാടി യുവതി രക്ഷപെടാന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സയ്ക്ക് ശേഷം പുറത്തിറങ്ങിയ യുവതിയെ റഷ്യയിലേക്ക് മടങ്ങി. റിമാന്‍ഡിലുള്ള ആഖിലിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയേക്കും.