ബെംഗളൂരു: രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രം സിനിമയാകുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു നരേന്ദ്രമോദിയുടെ ബയോപിക് പുറത്തിറങ്ങിയത്. എന്നാൽ കർണാടകയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ ബയോപിക് ഇറക്കാനൊരുങ്ങുകയാണ് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ലീഡർ രാമയ്യ എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകൻ സത്യരത്നം ആണ്. രാമനവമി ദിനത്തിൽ ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു. ജനങ്ങൾ ഉയർത്തിയ നേതാവ് എന്നാണ് പോസ്റ്ററുകളിൽ സിദ്ധരാമയ്യയെ വിശേഷിപ്പിക്കുന്നത്.
സിനിമ രണ്ടു ഭാഗങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ആദ്യഭാഗത്ത് കന്നട നടനാണ് അഭിനയിക്കുക. രണ്ടാം ഭാഗത്തിൽ തമിഴ് നടൻ വിജയ്സേതുപതിയും അഭിനയിക്കുമെന്ന് സംവിധായകൻ സത്യരത്നം പറഞ്ഞു. ആദ്യഭാഗത്തും വിജയ്സേതുപതി ഉണ്ടാവും. എന്നാൽ അഭിനയമെല്ലാം സസ്പെൻസ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിക്കാലം, പഠനകാലം, വക്കീൽ എന്ന നിലയിലുള്ള പ്രൊഫഷണൽ കാലം, രാഷ്ട്രീയ പ്രവേശനവും പ്രതിസന്ധികളും ചിത്രത്തിൽ വരുന്നുണ്ട്. ആക്ഷൻ സീനുകളും ലവ് ട്രാക്കുകളും ഉള്ള ചിത്രം അഞ്ചു ഭാഷകളിലായി ചിത്രീകരിക്കും.
അതേസമയം, സിദ്ധരാമയ്യയെ വെട്ടാൻ കർണാടകയിൽ ബിജെപി ആരെ ഇറക്കുമെന്നതാണ് ചർച്ച. നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കെ സ്ഥാനാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള ചൂടുള്ള ചർച്ചകളും സജീവമാകുകയാണ്. കോൺഗ്രസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സിദ്ധരാമയയ്ക്ക് എതിരാളിയായി അതേ നിലവാരമുള്ള സ്ഥാനാർത്ഥിയെയാവും ബിജെപിയും കളത്തിലിറക്കുക എന്നാണ് സൂചന. അതിനിടെ, ബിജെപി സ്ഥാനാർത്ഥിയെക്കുറിച്ച് ചില സൂചനകൾ നൽകി മുന്നിലേക്ക് വന്നിരിക്കുകയാണ് ബിജെപിയുടെ മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ.