റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടനേടിയ ഇന്ത്യൻ വ്യവസായിയാണ്. ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും മുകേഷ് ധീരുഭായ് അംബാനി തന്നെ. അംബാനിയുടെ പാചകക്കാരന്റെ ശമ്പളം വരെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ത്യൻ ഭക്ഷണങ്ങൾ കൂടുതൽ ഇഷ്ട്ടപെടുന്ന വ്യക്തിയാണ് മുകേഷ് അംബാനിയെന്നാണ് റിപ്പോർട്ട്.
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ അഭിപ്രായത്തിൽ, വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനാണ് മുകേഷ് അംബാനി താത്പര്യപ്പെടുന്നത്. എന്നാൽ ചില സ്ട്രീറ്റ് ഫുഡുകൾ മുകേഷ് അംബാനിക്ക് പ്രിയങ്കരമാണെന്നും അവർ പറയുന്നു. ഭേലും ദാഹി ബറ്റാറ്റ പുരിയും ആണ് ഇതിലൊന്ന്. ഫെമിനയുമായുള്ള ഒരു അഭിമുഖത്തിൽ, ചില ദിവസങ്ങളിൽ രാത്രി ഏറെ വൈകിയും സ്ട്രീറ്റ് ഫുഡ് കഴിക്കാൻ മുകേഷ് അംബാനിയോടൊപ്പം പുറത്തേക്ക് പോകാറുണ്ടെന്ന് നിത അംബാനി പറഞ്ഞിരുന്നു, 150 രൂപ മുതൽ 200 രൂപ വരെയാണ് മുംബൈയിലെ ഈ സ്പെഷ്യൽ ഭേലും ദാഹി ബറ്റാറ്റ പുരിയുടെയും വില.
മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളായ അനന്ത്, ആകാശ്, ഇഷ എന്നിവരുടെ കുടുംബത്തോടൊപ്പം താമസിക്കുന്നത് സൗത്ത് മുംബൈയിലെ ആൾട്ടമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന അവരുടെ കൊട്ടാര വസതിയായ ആന്റീലിയയിലാണ്. ലണ്ടനിലെ പ്രശസ്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഭവനമായി ആന്റിലിയ കണക്കാക്കപ്പെടുന്നു. മുകേഷിന്റെയും നിതയുടെയും സ്വർഗീയ മാളികയ്ക്ക് ഏകദേശം 2 ബില്യൺ ഡോളർ ചിലവ് വരും. നിലവിൽ 82 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.