തിരുവനന്തപുരം : വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നു. നാലായിരത്തോളം ജീവനക്കാര്‍ക്കുള്ള ശമ്പളം കൂടി അധികമായി അനുവദിക്കണം എന്ന് ആവശ്യപ്പെട്ടു ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയില്‍ റഗുലേറ്ററി കമ്മിഷന്‍ പൊതു തെളിവെടുപ്പ് നടത്തും. 20,000 കോടിയോളം രൂപയുടെ മൂലധന ആസ്തിയുള്ള വൈദ്യുതി ബോര്‍ഡ് അടുത്ത 5 വര്‍ഷം കൊണ്ട് 28,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നു വ്യക്തമാക്കുന്ന രേഖയാണു റഗുലേറ്ററി കമ്മിഷന്‍ മുന്‍പാകെ നല്‍കിയിരിക്കുന്നത്. ഇത്രയും തുക കണ്ടെത്തി മുതല്‍ മുടക്കുമെന്നുത് സംബന്ധിച്ച് വ്യക്തതയില്ല. മാത്രമല്ല, അത് വൈദ്യുതി ഉപയോക്താക്കള്‍ക്ക് അധികഭാരമായി മാറുകയും ചെയ്യും. വൈദ്യുതി ബോര്‍ഡില്‍ 2009ല്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് മാത്രമേ റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയിട്ടുള്ളൂ. അതിനു ശേഷം ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുകയും നാലായിരത്തോളം ജീവനക്കാരെ അധികം നിയമിക്കുകയും ചെയ്തു. ഇവര്‍ക്ക് നല്‍കുന്ന ശമ്പളം ബോര്‍ഡിന്റെ നഷ്ടത്തില്‍ കാണിക്കുകയാണ് ചെയ്യുന്നത്. ഇവരെ കൂടി അംഗീകരിച്ചു ശമ്പളം അനുവദിച്ചു തരണമെന്ന ആവശ്യമാണ് കമ്മിഷന്‍ മുന്‍പാകെ ബോര്‍ഡ് ഉന്നയിച്ചിരിക്കുന്നത്.
ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നതു സംബന്ധിച്ച ഹിയറിങ് 25ന് 11 മണിക്ക് വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടക്കും. താല്‍പര്യമുള്ളവര്‍ 24ന് 12 മണിക്ക് മുന്‍പ് പേരും വിശദവിവരങ്ങളും ഫോണ്‍ നമ്പര്‍ സഹിതം കമ്മിഷന്‍ സെക്രട്ടറിയെ [email protected] യില്‍ അറിയിക്കണം. തപാല്‍ മുഖേനയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. സെക്രട്ടറി, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍, കെപിഎഫ്‌സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെളളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തില്‍ 28ന് വൈകിട്ട് 5 വരെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷ www.erckerala.org യില്‍ ലഭ്യമാണ്.