തിരുവനന്തപുരം: ശമ്പളം വൈകിയതില്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ അഖില എസ്. നായരുടെ ട്രാൻസ്ഫർ റദ്ദാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ട്രാൻസ്ഫർ റദ്ദാക്കിയത്. ശമ്പളം വൈകിയതിന് പ്രതിഷേധിച്ചതിന് ട്രാൻസ്ഫർ നൽകിയതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. തുടർന്നാണ് ഇക്കാര്യം പരിശോധിക്കാൻ സി.എം.ഡിയോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.
അവര്‍ ധരിച്ചിരുന്ന ബാഡ്ജില്‍ തെറ്റായ വസ്തുതയാണ് കാണിച്ചത്. അഞ്ചാം തീയതി കൊടുക്കേണ്ട ശമ്പളം 12ാം തീയതി ആണ് കൊടുത്തത്. ആറ് ദിവസം ശമ്പളം മുടങ്ങിയത് 41 ദിവസമെന്ന് അഖില തെറ്റായി കാണിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജനുവരി 11ാം തിയതി മുതല്‍ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്. പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അഖിലയുടെ പ്രതിഷേധം സര്‍ക്കാരിനേയും കോർപറേഷനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് കെ.എസ്.ആർ.ടി.സി സ്ഥലം മാറ്റിയത്.