നേപ്പാളിലും ബംഗ്ലാദേശിലും ബൈക്ക് നിർമിക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്. കമ്പനിയുടെ ആഗോള വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളിലും പുതിയ അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കുന്നത്. നിലവിൽ 40ലധികം രാജ്യങ്ങളിൽ വാഹനം നിർമിക്കുന്ന കമ്പനി പുതിയ വിപണികൾ തേടുന്ന സാഹചര്യത്തിലാണ് നമ്മുടെ അയൽരാജ്യങ്ങളിലേക്കും ചേക്കേറുന്നത്. ‘റോയൽ എൻഫീൽഡിന് സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും കൂടുതൽ വിപണി വിഹിതം നേടുന്നതിന് വലിയ സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു’-എൻഫീൽഡ് സി.ഇ.ഒ ഗോവിന്ദരാജൻ പറഞ്ഞു.
നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് പൂർണമായും നിർമ്മിച്ച മോട്ടോർസൈക്കിളുകൾ കയറ്റുമതി ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. എന്നാലിക്കാര്യത്തിൽ ഒരു മാറ്റം എൻഫീൽഡ് ആഗ്രഹിക്കുന്നതായും ഗോവിന്ദരാജൻ പറഞ്ഞു. പ്രാദേശിക പങ്കാളികൾ മുഖേന മോട്ടോർസൈക്കിളുകൾ തദ്ദേശീയമായി നിർമ്മിക്കുന്നത് നിരവധി വെല്ലുവിളികൾ മറികടക്കാൻ റോയൽ എൻഫീൽഡിനെ സഹായിക്കും.
സ്വന്തം സബ്സിഡിയറി വഴി ഉൽപ്പന്നങ്ങൾ നിർമിച്ച് പുറത്തിറക്കിയതിന് ശേഷം വടക്കേ അമേരിക്കൻ മേഖലയിൽ ഏകദേശം 8.1 ശതമാനം വിപണി വിഹിതം നേടിയതായും റോയൽ എൻഫീൽഡ് സി.ഇ.ഒ പറഞ്ഞു. ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളിൽ വിപണി വിഹിതം നേടിയത് കമ്പനിയുടെ ജെ-സീരീസ് എഞ്ചിനുകളുടെ പിൻബലത്തിലാണെന്നും ഗോവിന്ദരാജൻ പറഞ്ഞു. ഈ എഞ്ചിനുകൾ മെറ്റിയോറിലൂടെയും പിന്നീട് ക്ലാസിക്കിലും പിന്നീട് ഹണ്ടർ മോഡലുകളിലും അരങ്ങേറി.