കസഖ്സ്ഥാൻ : ലോകത്തെ ഞെട്ടിച്ചുകൊണ്ട് കസഖ്സ്ഥാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയതിനു പിന്നാലെ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. പ്രക്ഷോഭത്തിനു പിന്നാലെ കസഖ്സ്ഥാനിൽ ഇന്റർനെറ്റും പ്രതിസന്ധിയിലായി. ഇതേത്തുടർന്ന് ജനുവരി 5, 6 തിയതികളിൽ 11 ശതമാനം വരെ ബിറ്റ്കോയിന്റെ മൂല്യം ഇടിഞ്ഞു. എന്തു കൊണ്ടാണ് ഒരു ഏഷ്യൻ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ബിറ്റ്കോയിനെ ഇത്രമാത്രം ഉലച്ചുകളഞ്ഞതെന്ന സംശയം ന്യായമായും ഉണ്ടാകാം. ക്രിപ്റ്റോ മേഖലയെ സംബന്ധിച്ച് വെറുമൊരു ഏഷ്യൻ രാജ്യമല്ല കസഖ്സ്ഥാൻ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോ മൈനിങ് രാജ്യമാണു കസഖ്സ്ഥാൻ. യുഎസിനാണ് ഒന്നാം സ്ഥാനം. ക്രിപ്റ്റോമൈനിങ് ഉപയോഗിച്ചാണു ബിറ്റ്‌കോയിൻ ഉത്പാദിപ്പിച്ചെടുക്കുന്നത്. വളരെയേറെ ഊർജം ആവശ്യമുള്ള ഒരു പ്രക്രിയയാണ് ഇത്.
കഴിഞ്ഞ വർഷം ചൈന, രാജ്യത്ത് ക്രിപ്റ്റോ കറൻസി ഉത്പാദത്തിനു നിയന്ത്രണം കൊണ്ടുവന്നതോടെയാണു കസഖ്സ്ഥാനിൽ ക്രിപ്റ്റോമൈനിങ് വ്യവസായം പടർന്നു പന്തലിക്കാൻ തുടങ്ങിയത്. അതീവ ഊർജം പ്രവർത്തിക്കാൻ വേണ്ട കംപ്യൂട്ടറുകൾ ഉപയോഗിച്ചാണ് ബ്ലോക്ക്ചെയിൻ ശൃംഖലയിൽ ഓരോ ബ്ലോക്കും പുതുതായി രൂപീകരിക്കുന്നത്. ഊർജസമ്പുഷ്ടമായ കസഖ്സ്ഥാൻ അതിനാൽ തന്നെ ക്രിപ്റ്റോ മൈനർമാരുടെ പ്രിയസങ്കേതമായി മാറി. പ്രക്ഷോഭം പടർന്നുപിടിച്ച ദിവസങ്ങളിൽ 36 മണിക്കൂറോളം ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടുപോയെങ്കിലും ഉടനടി തന്നെ തിരികെക്കൊണ്ടുവരാൻ സാധിച്ചതോടെ കസഖ്സ്ഥാനിൽ മൈനിങ് പുനരാരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഈ സംഭവം ദൂരവ്യാപകമായ മാറ്റങ്ങളിലേക്കു വഴി തെളിച്ചേക്കുമെന്നു ക്രിപ്റ്റോ പണ്ഡിതർ പറയുന്നു.