ചെന്നൈ∙ ലൈംഗിക അതിക്രമ പരാതിയിൽ പിടിയിലായ കലാക്ഷേത്ര നൃത്ത വിദ്യാലത്തിലെ അധ്യാപകൻ ഹരിപത്മനെ സസ്പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. പീഡന ആരോപണം നേരിടുന്ന മറ്റ് 3 അധ്യാപകരായ സഞ്ജിത്ത് ലാൽ, സായ് കൃഷ്ണൻ, ശ്രീനാഥ് എന്നിവരെ പിരിച്ചുവിടാൻ നടപടികൾ ആരംഭിച്ചതായി കോളജ് അധികൃതർ അറിയിച്ചു. പരാതി റിട്ട. ജഡ്ജി, ഡിജിപി ഉൾപ്പെട്ട മൂന്നംഗം കമ്മറ്റി അന്വേഷിക്കും.
കലാക്ഷേത്രയിലെ വിദ്യാർഥികൾ 2 ദിവസം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണു നടപടി. കേസ് റജിസ്റ്റർ ചെയ്തതോടെ വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു. ദേശീയ, സംസ്ഥാന വനിതാ കമ്മിഷനുകളും അന്വേഷണം നടത്തിയിരുന്നു. സംസ്ഥാന വനിതാ കമ്മിഷന്റെ റിപ്പോർട്ട് നാളെ സർക്കാരിനു സമർപ്പിക്കും. ആരോപണങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും നിയമസഭയെ അറിയിച്ചിരുന്നു. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണു കലാക്ഷേത്ര ഫൗണ്ടേഷൻ. തിരുവനന്തപുരം സ്വദേശിനിയായ പൂർവ വിദ്യാർഥിനിയാണു പരാതി നൽകിയത്.
ഹരിപത്മന്റെ പക്കൽനിന്നും കടുത്ത അധിക്ഷേപമാണു നേരിടേണ്ടി വന്നതെന്നാണു യുവതി മൊഴി നൽകിയത്. വീട്ടിലേക്കു വരണമെന്നും ആരും അറിയില്ലെന്നും പറഞ്ഞ് പരാതിക്കാരിയെ അധ്യാപകൻ ആദ്യം ക്ഷണിച്ചു. ഇതിനു വിസമ്മതിച്ചതോടെ പ്രതികാര നടപടി ആരംഭിച്ചതായാണു മൊഴിയിൽ പറയുന്നത്. ക്ലാസിൽ മറ്റു കുട്ടികൾക്കു മുന്നിൽ വച്ച് അധിക്ഷേപിക്കുകയും ബോഡി ഷെയ്മിങ് നടത്തുകയും ചെയ്തതായി പരാതിക്കാരി പറയുന്നു. മലയാളത്തിലാണ് അധിക്ഷേപിച്ചിരുന്നത്. തന്റെ പിതാവിനെക്കുറിച്ചുപോലും മോശമായി സംസാരിച്ചു. കലാക്ഷേത്ര ഫൗണ്ടേഷൻ ഡയറക്ടർക്കും ആഭ്യന്തര സമിതിക്കും പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. ഒരിക്കൽ ഹരിയുടെ നിർദേശ പ്രകാരം പുറത്തുള്ള വേദിയിൽ നൃത്തത്തിനായി പോയി.
എന്നാൽ, അവിടെയത്തിയപ്പോഴാണ് ഒരു കൂട്ടം മദ്യപർക്കു നടുവിലാണു നൃത്തമെന്ന് അറിഞ്ഞത്. നൃത്തം ചെയ്തെങ്കിലും ഇടയ്ക്കു നിർത്തിപ്പോന്നു. ഇത്തരത്തിലുള്ള അവഹേളനം തുടർന്നതോടെ പഠനം നിർത്തി നാട്ടിലേക്കു തിരികെപ്പോയതായും വിദ്യാർഥിനി പറഞ്ഞു. തിരികെ നാട്ടിലെത്തിയ വിദ്യാർഥി പിന്നീട് ഒരു പ്രാദേശിക ചാനലിൽ അവതാരകയായി ജോലിയിൽ പ്രവേശിച്ചു.