പാലക്കാട്∙ അട്ടപ്പാടി മധു വധക്കേസിൽ നിർണായക വിധിയാണ് മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ പ്രത്യേക കോടതി ഇന്നു പുറപ്പെടുവിച്ചത്. സംഭവം നടന്ന് 5 വർഷത്തിനുശേഷമാണ് 16 പ്രതികളുടെ 14 പേരും കുറ്റക്കാരാണെന്നു കണ്ടെത്തിക്കൊണ്ടുള്ള കോടതിയുടെ വിധിയുണ്ടായത്. സദാചാര പൊലീസിങ് ആരും നടത്തരുതെന്നും പ്രശ്നമേഖലകളിൽ പരിധിയോടെ മാത്രം ഇടപെടണമെന്നും വിധിപ്രസ്താവത്തിനിടെ കോടതി വ്യക്തമാക്കിയത് ശ്രദ്ധേയമായി. ഇത്തരം സാഹചര്യങ്ങളിൽ പൊലീസിനെ വിവരം അറിയിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, നേരത്തെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളെ പിടിച്ചത് തെറ്റാണെന്നും കുറ്റമാണെന്നുമുള്ള സന്ദേശം വിധിയിൽ ഉണ്ടാകരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ ദിവസം ട്രെയിനിൽ തീകൊളുത്തിയ ആളെ പോലെയുള്ളവരെ കിട്ടിയാൽ പോലും പിടിക്കാൻ ഇനി ജനം മടിക്കുമെന്നും പ്രതിഭാഗം പറഞ്ഞു.
കേസിൽ, രണ്ടു പ്രതികളെ കോടതി വെറുതെവിട്ടു. നാലാം പ്രതി കൽക്കണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ്(38), പതിനൊന്നാം പ്രതി കള്ളമല മുക്കാലി ചോലയിൽ അബ്ദുൽ കരീം (52) എന്നിവരെയാണ് വെറുതെ വിട്ടത്. കുറ്റക്കാരെന്നു കണ്ടെത്തിയവർക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു (30) ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരിൽനിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ചു മധുവിനെ കാട്ടിൽനിന്നു പ്രതികൾ സംഘം ചേർന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയിൽ എത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.
അഗളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്നു വനംവകുപ്പ് കേസും നിലവിലുണ്ട്.