കൊച്ചി : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബിജു പൗലോസ്. ഇന്നലെ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് അസാധാരണമായ ഹർജിയിൽ ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണക്കോടതിയിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഈ ഹർജി കോടതി പരിഗണിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഒന്നേമുക്കാലിന് പരിഗണിക്കാനിരിക്കെയാണ്, വിചാരണക്കോടതിയിൽ ഈ ആവശ്യവുമായി എത്തിയിരിക്കുന്നത്. എന്താണിതിന് പിന്നിൽ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
നിർണായകമായ മണിക്കൂറുകളാണ് ദിലീപിനിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നാണ് ദിലീപിന്‍റെ വാദം. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ പറയുന്നു.
ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി എൻ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹർജി നൽകിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹർജിയിലെ പ്രധാന ആരോപണം. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ദിലീപിന്‍റെ അറസ്റ്റ് ഇന്നുണ്ടാകാനുള്ള സാധ്യതയുണ്ട്.
മറിച്ചാണെങ്കിൽ ദിലീപിന് താൽകാലിക ആശ്വാസമാകും. എന്നാൽ ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ക്രൈംബ്രാഞ്ച് ശക്തിയുക്തം എതിർക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ കേസിൽ തെളിവ് ശേഖരിക്കുന്നതിനു ദിലീപിന്‍റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധന വിവരങ്ങളും അന്വേഷണ സംഘം കോടതിയെ അറിയിക്കും.