കൊച്ചി: നേരത്തേ ഓപ്ഷൻ നൽകിയവർക്ക് എട്ടാഴ്ചക്കകം ഉയർന്ന പെൻഷൻ നൽകണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന ഹരജിയിൽ ഹൈകോടതി എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇ.പി.എഫ്.ഒ) വിശദീകരണം തേടി.
ഉയർന്ന പെൻഷന് നേരത്തേ ഓപ്ഷൻ നൽകിയവർക്ക് എട്ടാഴ്ചക്കകം ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതിയുടെ 2022 നവംബറിലെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ് ഫാക്ടറിയിൽനിന്ന് വിരമിച്ചവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്.
സുപ്രീം കോടതിയിൽ കേസുള്ളതിന്‍റെ പേരിൽ ഭൂരിപക്ഷം പേരിൽ നിന്നും ഉയർന്ന പെൻഷൻ വിഹിതം സ്വീകരിക്കാൻ ഇ.പി.എഫ്.ഒ തയാറായില്ല. ചിലരിൽനിന്ന് ഉയർന്ന പി.എഫ് വിഹിതം സ്വീകരിച്ചെങ്കിലും ഉയർന്ന പെൻഷൻ നൽകിയില്ലെന്നും ഹരജിയിൽ പറയുന്നു. ഇ.പി.എഫ്.ഒയോട് സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും മേയ് 25ന് പരിഗണിക്കാൻ മാറ്റി.