ദില്ലി : രാജ്യത്ത് പ്രകൃതി വാതകത്തിന്റെ വില നിർണയത്തിനുള്ള മാനദണ്ഡങ്ങൾ പുനർനിർണയിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. പൈപ്പ് വഴി ലഭ്യമാക്കുന്ന പ്രകൃതി വാതകത്തിന്റെയും സിഎൻജിയുടെയും വില കുറയും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ വിലയുമായി പ്രകൃതി വാതക വില ബന്ധിപ്പിക്കാൻ തീരുമാനിച്ചതോടെയാണിത്. ഇന്ത്യൻ ക്രൂഡ് ഓയിൽ ബാസ്ക്കറ്റിന്റെ ഒരു മാസത്തെ ശരാശരിയുടെ 10 ശതമാനമാകും പ്രകൃതി വാതക വില. മാർക്കറ്റ് ഘടകങ്ങൾക്ക് അനുസരിച്ച് പ്രകൃതി വാതക വില കൂടുകയും കുറയുകയും ചെയ്യുന്നത് നിയന്ത്രിക്കാനാണ് നടപടി. നിലവിൽ കൂടുതൽ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ വിലയ്ക്കനുസരിച്ചായിരുന്നു ഇന്ത്യയിലെയും വില. പിഎൻജി വില പത്തു ശതമാനം വരെ കുറയാൻ ഇത് സഹായിക്കും എന്ന് സർക്കാർ അറിയിച്ചു. എൻജിയുടെയും സിഎൻജിയുടെയും വില നിർണയത്തിന് വിദഗ്ധ സമിതി ശുപാർശകൾ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. പുതിയ തീരുമാനം ശനിയാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.